രാജ്യത്തെ മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ പരിധി ഉയർത്തി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി ഒന്നിന് നടന്ന കേന്ദ്ര ബജറ്റിലാണ് 15 ലക്ഷം രൂപയിൽ നിന്ന് 30 ലക്ഷം രൂപയായി നിക്ഷേപ പരിധി ഉയർത്തിയത്. നിക്ഷേപ പരിധി ഇരട്ടിയാക്കിയതിലൂടെ 75,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ 11.8 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ഇതിൽ ഒരു ഭാഗം സമാഹരിക്കാൻ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
മുതിർന്ന പൗരന്മാർക്കുള്ള സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ 8 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വർഷം കാലാവധിയുള്ള ഈ നിക്ഷേപങ്ങളുടെ പലിശ നിരക്ക് മൂന്ന് മാസം കൂടുമ്പോൾ കേന്ദ്രം പരിഷ്കരിക്കാറുണ്ട്. നിലവിലെ കണക്കുകൾ അനുസരിച്ച്, സീനിയർ സിറ്റിസൺ സ്കീമിൽ 50 ലക്ഷം അക്കൗണ്ടുകളാണ് ഉള്ളത്. ഇവയിൽ 5 ലക്ഷം അക്കൗണ്ടുകളിലും 15 ലക്ഷം രൂപ വരെ നിക്ഷേപമുണ്ട്. 10 ശതമാനം നിക്ഷേപകർ 30 ലക്ഷത്തിലേക്ക് നിക്ഷേപം ഉയർത്തിയാൽ കേന്ദ്രസർക്കാറിന്റെ ലക്ഷ്യമായ 75,000 കോടി രൂപ സമാഹരിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
Also Read: തൃശൂരിലെ കോളജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മദ്ധ്യപ്രദേശിൽ വച്ച് അപകടത്തിൽ പെട്ടു
Post Your Comments