തമിഴ്നാട്ടിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ഒല. നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ഒല ഇലക്ട്രിക് മൊബിലിറ്റി പദ്ധതിക്ക് കരുത്ത് പകരുന്നതിന്റെ ഭാഗമായാണ് തമിഴ്നാട് സർക്കാരുമായുള്ള സഹകരണം. റിപ്പോർട്ടുകൾ പ്രകാരം, ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ തമിഴ്നാട് സർക്കാരും ഒലയും ഒപ്പുവച്ചിട്ടുണ്ട്. 2024 ഓടെ നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാണ് ഒലയുടെ നീക്കം. കൃഷ്ണഗിരി ജില്ലയിൽ 20 ജിഗാ വാട്ട് ബാറ്ററി നിർമ്മാണ യൂണിറ്റാണ് കമ്പനി ആരംഭിക്കുക.
പ്രതിവർഷം 1,40,000 ഇലക്ട്രിക് ഫോർ വീലറുകൾ നിർമ്മിക്കാൻ സാധിക്കുന്ന യൂണിറ്റാണ് സ്ഥാപിക്കുക. ഈ പ്ലാന്റിൽ നിന്നും ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന കാറുകളാണ് ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതോടുകൂടി, ഏകദേശം 3,111 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കമ്പനിക്ക് സാധിക്കുന്നതാണ്. ഇതോടെ, ടൂ വീലർ, കാർ, ലിഥിയം സെൽ ഗിഗാ ഫാക്ടറികൾ എന്നിവയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബായി തമിഴ്നാട് മാറും.
ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാളും തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിൽ 7,614 കോടി രൂപയാണ് ഒല നിക്ഷേപിക്കുക. മൊത്തം നിക്ഷേപത്തിൽ ഏകദേശം 5,114 കോടി രൂപ സെൽ നിർമ്മാണ പ്ലാന്റിലേക്കും, ബാക്കി 2,500 കോടി രൂപ ഫോർ വീലർ നിർമ്മാണ യൂണിറ്റിലേക്കുളള ആവശ്യങ്ങൾക്കും വിനിയോഗിക്കുന്നതാണ്.
Post Your Comments