
തിരുവനന്തപുരം: മൂന്നു മാസം ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടക്കുളങ്ങര ടിസി 39/2211 ശ്രീവള്ളിയിൽ ഗോപീകൃഷ്ണന്റെ ഭാര്യ ദേവിക(22) യെയാണ് ഭർതൃവീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപാണ് ആത്മഹത്യ. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ദേവികയെ മരിച്ച നിലയിൽ കണ്ടത്. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ദേവികയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ ഷാജി കെ. നായരുടെ പരാതി ലഭിച്ചതായി ഫോർട്ട് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാപ്രവണതയോ മറ്റു പ്രശ്നങ്ങളോ ദേവികയ്ക്കുണ്ടായിരുന്നില്ലെന്നും ഷാജി മൊഴി നൽകിയിട്ടുണ്ട്.
ഫോർട്ട് പോലീസ് സിഐ രാകേഷിന്റെ നേതൃത്വത്തിൽ ദേവികയുടെ ഭർത്താവ് ഗോപീകൃഷ്ണന്റെയും വീട്ടിലുള്ളവരുടെയും മൊഴി രേഖപ്പെടുത്തി. ശ്രീചിത്ര മെഡിക്കൽ സെന്ററിൽ കരാറടിസ്ഥാനത്തിലെ ഫിസിയോതെറാപ്പിസ്റ്റാണ് ഗോപീകൃഷ്ണൻ.
വരും ദിവസങ്ങളിൽ ദേവികയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. ദേവികയുടെ മൊബൈൽ ഫോണും പോലീസ് പരിശോധിക്കും. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചു. ശാസ്തമംഗലം പൈപ്പിൻമൂട് അർച്ചന ഫ്ളവർ ആൻഡ് ഓയിൽ മിൽ ഉടമയായ ഷാജിയുടെയും മീനാകുമാരിയുടെയും മകളാണ് ദേവിക.
Post Your Comments