തൃശൂർ: മലയാളികൾക്ക് ഒരു നോവായി മാറിയ തൃശ്ശൂര്‍ സ്വദേശി പ്രണവിന്റെ മരണത്തിനിടയിലും ഹേറ്റ് ക്യാംപെയിൻ നടത്തുന്നവരുടെ എണ്ണം കൂടുകയാണ്. പ്രണവിന്റെ മരണവാർത്ത മലയാളികളെ നൊമ്പരത്തിലാഴ്ത്തുമ്പോൾ, ഒരു കൂട്ടർ മരണം ആഘോഷിക്കുന്ന തിരക്കിലാണ്. ഹേറ്റ് ക്യാംപെയിൻ നടത്തുന്നവരെ വിമർശിച്ച് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ്. ഒരു ചെറുപ്പക്കാരൻ്റെ അകാല വിയോഗത്തിൽ ആർത്തുചിരിച്ചട്ടഹസിക്കുന്ന കുറേ പടു ജന്മങ്ങൾ ആണിവരെന്ന് അഞ്‍ജു പറയുന്നു.
‘ഈ ഭൂമിയിൽ രണ്ട് തരം മനുഷ്യരാണുള്ളത്. ഒന്ന് സഹജീവിയുടെ വീഴ്ചയിലും നോവിലും മരണത്തിലും സന്തോഷിക്കുന്ന സാഡിസ്റ്റുകൾ! അവറ്റകൾ പക കൊണ്ട് മാത്രം ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന വർഗ്ഗങ്ങളാണ്. അവർ മനുഷ്യത്വത്തെ പടിക്ക് പുറത്ത് നിറുത്തി പകയെ ക്ഷണിച്ചിരുത്തുന്നു. അടുത്തൊരു കൂട്ടർ മറ്റൊരാളുടെ സന്തോഷം തൻ്റെ സന്തോഷമായും സങ്കടം തൻ്റെ തന്നെ സങ്കടമായും കരുതി സഹജീവിയെ ചേർത്തുപ്പിടിക്കുന്നവർ. മനുഷ്യത്വത്തിനെ മാത്രം ഉപാസിക്കുന്ന സാധു മനുഷ്യർ’, അഞ്‍ജു പാർവതി കുറിച്ചു.
അഞ്‍ജു പാർവതി എഴുതിയതിങ്ങനെ:
മതം മാത്രം തിന്ന് ജീവിക്കുന്ന മലം തീനികളായ ഒരു പറ്റം നികൃഷ്ട ജന്മങ്ങളെ ഇന്ന് സോഷ്യൽ മീഡിയയിലെമ്പാടും കണ്ടു. ഒരു ചെറുപ്പക്കാരൻ്റെ അകാല വിയോഗത്തിൽ ആർത്തുചിരിച്ചട്ടഹസിക്കുന്ന കുറേ പടു ജന്മങ്ങൾ. ഈ ഭൂമിയിൽ രണ്ട് തരം മനുഷ്യരാണുള്ളത്. ഒന്ന് സഹജീവിയുടെ വീഴ്ചയിലും നോവിലും മരണത്തിലും സന്തോഷിക്കുന്ന സാഡിസ്റ്റുകൾ! അവറ്റകൾ പക കൊണ്ട് മാത്രം ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന വർഗ്ഗങ്ങളാണ്. അവർ മനുഷ്യത്വത്തെ പടിക്ക് പുറത്ത് നിറുത്തി പകയെ ക്ഷണിച്ചിരുത്തുന്നു . അടുത്തൊരു കൂട്ടർ മറ്റൊരാളുടെ സന്തോഷം തൻ്റെ സന്തോഷമായും സങ്കടം തൻ്റെ തന്നെ സങ്കടമായും കരുതി സഹജീവിയെ ചേർത്തുപ്പിടിക്കുന്നവർ. മനുഷ്യത്വത്തിനെ മാത്രം ഉപാസിക്കുന്ന സാധു മനുഷ്യർ.
അരയ്ക്ക് താഴെ തളർന്നു കിടന്നപ്പോഴും ജീവിതത്തെ പോസിറ്റീവ് ആയി കണ്ട ഒരു യുവാവ്. അവൻ ചുറ്റുമുള്ളവർക്ക് അതിജീവനത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും പാഠങ്ങൾ സ്വന്തം ജീവിതത്തിലൂടെ പകർന്ന് ദീപമായി . ആ ദീപപ്രഭ കണ്ട് അതിലെ അതിലെ അണയാ വെളിച്ചമായി തീരാൻ കൊതിച്ച് ഒരു പെൺകുട്ടി കൂട്ടായി അരികിലെത്തി. മതത്തിൻ്റെ വേലിക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ് അവരൊന്നായി. അവരുടെ ജീവിതം മറ്റാർക്കും ബാധ്യതയായില്ലെങ്കിലും പുറമേയ്ക്കുള്ളവർക്കായിരുന്നു പ്രശ്നം. അവളുടെ രൂപം നെഞ്ചിൽ പച്ച കുത്തി ഹൃദയത്തിലവളെ ആവാഹിച്ച ആണൊരുത്തനും അവനായി മാത്രം ജന്മമെടുത്തൊരു പെൺകുട്ടിയും. ! ഇന്നവൻ അവളെ തനിച്ചാക്കി യാത്രയായി. ജീവിത വഴിയിൽ ഒറ്റയ്ക്കായി പോയ ആ പെൺകുട്ടിയോട് സ്നേഹം കാട്ടിയില്ലെങ്കിലും ലേശം കരുണ കാണിക്കേണ്ടതാണ് മനുഷ്യജന്മമെടുത്തവർ. പക്ഷേ ഇവിടെ അതുണ്ടായില്ല .
എന്ത് മാത്രം സാരോപദേശങ്ങളാണ് അവൾക്കായി നല്കുന്നത്. വളർത്തിയ അച്ഛനെയും അമ്മയെയും വേദനിപ്പിച്ചതിന് ദൈവം നല്കിയ ശിക്ഷ എന്ന് ഒരു കൂട്ടർ. മാതാപിതാക്കളെ കണ്ണീര് കുടിപ്പിച്ചാൽ സ്വയം കണ്ണീര് കുടിക്കേണ്ടി വരുമെന്ന് ഇനി അടുത്ത കൂട്ടർ. മതവും ചിട്ടയും മാറി നടന്നതിന് ദൈവം നല്കിയ ശിക്ഷ എന്ന് അടുത്തൊരു കൂട്ടർ.എന്തോരം വെറൈറ്റി കരച്ചിലുകളാണ്. ഹാദിയ – ഷെഫിൻ വിഷയം വന്നപ്പോൾ പ്രണയം ദിവ്യമെന്നു വാഴ്ത്തിപ്പാടിയ, മകളെ പിടിച്ചു വച്ചിരിക്കുന്ന ടോക്സിക് parents എന്ന് അഖിലയടെ ( ഹാദിയ) അച്ഛനമ്മമാരെ പരാമർശിച്ചവരൊക്കെ U ടേൺ എടുത്ത് മറുകണ്ടം ചാടി.
ഒരാളുടെ മരണത്തിൽ സന്തോഷിക്കുന്ന, അതിൽ വെറുപ്പും വിദ്വേഷവും മാത്രം കാണുന്നവർ ഒന്നോർക്കുക നാളെ ഇത്തരം ദാരുണ ദുരന്തങ്ങൾ നമുക്ക് വേണ്ടപ്പെട്ടവരെയും തേടിയെത്തിയേക്കാം എന്ന സത്യം. ശരിക്കും ആ പെൺകുട്ടിക്ക് സുരക്ഷിതത്വം വേണ്ടിവരുന്നത് ഇനി വരുന്ന നാളുകളിലാണ്. ചുറ്റിലും കടിച്ചു കീറാൻ വെമ്പുന്നവർക്ക് മുന്നിൽ അവളെ വിട്ടുകൊടുക്കരുത്. തീർത്തും ഒറ്റപ്പെട്ടു നില്ക്കുന്ന ഈ അവസ്ഥയിൽ അവൾക്ക് വേണ്ടത് സാരോപദേശങ്ങളല്ല. പ്രണവിനോട് നമ്മൾ കാണിക്കുന്ന സ്നേഹത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ ആ പെൺകുട്ടിയെ ഏറ്റെടുത്ത് സംരക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. അവൾ തനിച്ചല്ല; ഒരു സമൂഹം കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.
Post Your Comments