മോഷണത്തിനായി പൂട്ടിയിട്ട വീട്ടിൽ കയറിയ കള്ളന് സംഭവിച്ച അക്കിടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മോഷണത്തിനായി കയറിയ കള്ളൻ മദ്യപിച്ച് ബിരിയാണിയും കഴിച്ച് അവിടെ തന്നെ കിടന്നുറങ്ങി. ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ടവീട്ടിലാണ് സംഭവം. കള്ളനെ കൈയ്യോടെ പോലീസ് പൊക്കുകയും ചെയ്തു. രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥൻ (27) ആണ് പോലീസിന്റെ പിടിയിലായത്.
വീടിന്റെ ഓടുകൾ ഇളക്കിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരം വെങ്കടേശിനെ വിളിച്ചറിയിച്ചു.വീട്ടുടമയും പോലീസും വീടിനുള്ളിൽ പരിശോധിച്ചപ്പോൾ സ്വാതിതിരുനാഥൻ കിടപ്പുമുറിയിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു. അറസ്റ്റു ചെയ്ത ശേഷം ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. വീട്ടിൽ ആളില്ലാത്തതിനാൽ പതുക്കെ പോകാമെന്നു കരുതിയതാണെന്നും ക്ഷീണത്തിൽ ഉറങ്ങിപ്പേയെന്നുമാണ് മോഷ്ടാവ് പോലീസിനോട് പറഞ്ഞത്.
മദ്യപിച്ചെത്തി മേൽക്കൂരയുടെ ഓടിളക്കി അകത്തു കയറിയ ഇയാൾ പിച്ചള, വെള്ളിപ്പാത്രങ്ങൾ, ഫാൻ തുടങ്ങിയവ മോഷ്ടിച്ച് കിടപ്പുമുറിയിൽ കൂട്ടിയിട്ടു.എന്നാൽ ഇതിനിടയിൽ കൈയിൽ കരുതിയ മദ്യവും ബിരിയാണിയും കഴിച്ചു. ക്ഷീണം തോന്നിയതോടെ അവിടെത്തന്നെ കിടന്നുറങ്ങിപ്പോകുകയായിരുന്നു.
Post Your Comments