
തെലങ്കാന: എസ്എസ് രാജമൗലിയുടെ ആർആർആർ 1200 കോടിയിലധികം നേടിയതിന് ശേഷം ആഗോള അംഗീകാരവും നേടിയിരുന്നു. ആർആർആറിന്റെയും മറ്റ് എസ്എസ് രാജമൗലിയുടെ ചിത്രങ്ങളുടെയും കഥ എഴുതിയത് അദ്ദേഹത്തിന്റെ പിതാവ് വിജയേന്ദ്ര പ്രസാദാണ്. പ്രശസ്ത തിരക്കഥാകൃത്ത് ആയ വിജയേന്ദ്ര പ്രസാദ് ഇപ്പോൾ ആർഎസ്എസ് എന്ന തിരക്കഥയുടെ തിരക്കിലാണ്. ഒരു അന്താരാഷ്‌ട്ര പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിനിടെ തന്റെ പിതാവ് വിജയേന്ദ്ര പ്രസാദിന്റെ പുതിയ തിരക്കഥയെ കുറിച്ചും, അത് സിനിമയാക്കുന്നതിനെ കുറിച്ചും രാജമൗലി തുറന്നു പറഞ്ഞിരുന്നു.
വിജയേന്ദ്ര പ്രസാദാണ് ആർആർആറിന്റെ കഥ എഴുതിയിരിക്കുന്നത്. അദ്ദേഹമെഴുതുന്ന ആർഎസ്‌എസിന്റെ തിരക്കഥയെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിന് ആർഎസ്‌എസിന്റെ ചരിത്രത്തെക്കുറിച്ച് തനിക്ക് കാര്യമായി ഒന്നും അറിയില്ലെന്നായിരുന്നു രാജമൗലി പറഞ്ഞത്.
‘എനിക്ക് ആർഎസ്‌എസിനെ കുറിച്ച് അത്ര അറിവില്ല. സംഘടനയെക്കുറിച്ച് ഞാൻ വ്യക്തമായി കേട്ടിട്ടുണ്ട്, പക്ഷേ അത് എങ്ങനെ രൂപപ്പെട്ടു, അവരുടെ കൃത്യമായ വിശ്വാസങ്ങൾ എന്തൊക്കെയാണ്, അവർ എങ്ങനെ വികസിച്ചു, അവരുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഞാൻ എന്റെ അച്ഛന്റെ സ്ക്രിപ്റ്റ് വായിച്ചു, അത് അങ്ങേയറ്റം വികാരഭരിതമാണ്. ആ സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ പലതവണ കരഞ്ഞു, തിരക്കഥയിലെ ഓരോ ഭാഗങ്ങളും എന്നെ കരയിച്ചു.
ആ സിനിമ ഞാൻ സംവിധാനം ചെയ്യുമോയെന്ന് എനിക്കറിയില്ല. ഞാൻ വായിച്ച തിരക്കഥ വളരെ വൈകാരികവും വളരെ മികച്ചതുമാണ്, പക്ഷേ അത് സമൂഹത്തെക്കുറിച്ച് എന്താണ് സൂചിപ്പിക്കുന്നതെന്ന് എനിക്കറിയില്ല. എന്റെ അച്ഛൻ മറ്റേതെങ്കിലും സംഘടനയ്‌ക്കോ ആളുകൾക്കോ അല്ലെങ്കിൽ നിർമ്മാതാവിനു വേണ്ടിയാണോ ഈ സ്‌ക്രിപ്റ്റ് എഴുതിയതെന്ന് എനിക്ക് അറിയില്ല. അതിനെക്കുറിച്ച് എനിക്ക് ധാരണയില്ല. ആ കഥ സംവിധാനം ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്, കാരണം ഇത് വളരെ മനോഹരവും മാനുഷികവും വൈകാരികവുമായ ഒരു കഥയാണ്. പക്ഷേ തിരക്കഥയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് ഉറപ്പില്ല. അത് നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ് സ്വാധീനം ഉണ്ടാക്കുമെന്ന് ഞാൻ പറയുന്നില്ല’, അദ്ദേഹം പറഞ്ഞു.
അതേസമയം, തെലുങ്കിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരിൽ ഒരാളാണ് വിജയേന്ദ്ര പ്രസാദ്. ആഗോള ബ്ലോക്ക്ബസ്റ്റർ ബാഹുബലി, ആർആർആർ, മണികർണിക, ബജ്രംഗി ഭായ്ജാൻ, മഗധീര, മെർസൽ തുടങ്ങിയ നിരവധി ചിത്രങ്ങൾ ആണ് അദ്ദേഹം രചിച്ചിരിക്കുന്നത്. ആർഎസ്‌എസിനെ കുറിച്ച് ഒരു സിനിമ എഴുതാൻ തന്നോട് ആവശ്യപ്പെട്ടപ്പോൾ തന്റെ മുൻ നിഷേധാത്മക അഭിപ്രായം അടിമുടി മാറിയെന്ന് പ്രസാദ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
തന്റെ പുതിയ തിരക്കഥയെ കുറിച്ച് വിജയേന്ദ്ര പ്രസാദ് പറഞ്ഞതിങ്ങനെ:
‘എല്ലാവരുടെയും മുന്നിൽ ഒരു കാര്യം ഏറ്റുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. മൂന്നോ നാലോ വർഷം മുമ്പ് വരെ എനിക്ക് ആർ.എസ്.എസിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു. മറ്റു പലരെയും പോലെ ഞാനും വിശ്വസിച്ചിരുന്നത് അവരാണ് ഗാന്ധിയെ കൊന്നതെന്നായിരുന്നു. പക്ഷേ. നാല് വർഷം മുമ്പ്, അവർ എന്നോട് ആർഎസ്എസിനെക്കുറിച്ച് ഒരു സിനിമ എഴുതാൻ ആവശ്യപ്പെട്ടു, എനിക്ക് പ്രതിഫലം ലഭിക്കുന്നതിനാൽ, ഞാൻ നാഗ്പൂരിൽ പോയി മോഹൻ ഭഗവതിനെ കണ്ടു, ഒരു ദിവസം ഞാൻ അവിടെ താമസിച്ച് ആർഎസ്എസ് എന്താണെന്ന് ആദ്യമായി മനസ്സിലാക്കി. ഇത്രയും മഹത്തായ ഒരു സ്ഥാപനത്തെ കുറിച്ച് ഞാൻ അറിഞ്ഞിരുന്നില്ല എന്നതിൽ ഒരുപാട് ഖേദമുണ്ട്.
‘ആർഎസ്എസ് ഇല്ലായിരുന്നുവെങ്കിൽ, കശ്മീർ ഉണ്ടാകില്ല, അത് പാകിസ്ഥാനിൽ ലയിക്കുമായിരുന്നു, പാകിസ്ഥാൻ കാരണം ലക്ഷക്കണക്കിന് ഹിന്ദുക്കൾ മരിക്കുമായിരുന്നു. രണ്ട് മാസത്തിനുള്ളിൽ താൻ ഒരു കഥയെഴുതി. അതിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സ്വന്തോഷവാനാണ്. ഈ സംഘം പൊതുജനങ്ങളോട് ‘സ്വയം സംസാരിക്കുന്നില്ലെന്ന്’ വെളിപ്പെടുത്തിയതാണ് അവർ ചെയ്ത ഏക തെറ്റ്’.
വിജയേന്ദ്ര പ്രസാദിന്റെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ ഏറെ ശ്രദ്ധേയമായിരുന്നു. ആർഎസ്എസ് ഇല്ലായിരുന്നുവെങ്കിൽ, കശ്മീർ ഉണ്ടാകുമായിരുന്നില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആരാധകരിൽ മറ്റൊരു സംശയം ഉദിപ്പിച്ചു. സിനിമയിൽ കശ്മീരും ഒരു പ്രധാന വിഷയമായിരിക്കില്ലേ എന്നാണ് ഇവർ ചോദിക്കുന്നത്. സോഷ്യൽ മീഡിയകളിലെ ചർച്ചകൾക്ക് പിന്നാലെയാണ് രാജമൗലി തന്റെ പിതാവിന്റെ പുതിയ തിരക്കഥയിൽ തനിക്കുള്ള ‘ആകാംഷ’ പങ്കുവെച്ചത്. റിപ്പോർട്ടുകൾ അനുസരിച്ച് മുൻകാലങ്ങളിലേത് പോലെ തന്നെ ആണെങ്കിൽ, ഇതും രാജമൗലി തന്നെ സംവിധാനം ചെയ്യും. അങ്ങനെയെങ്കിൽ, ഇന്ത്യൻ സിനിമ കാണാൻ പോകുന്ന ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നാകും ഇതെന്ന കാര്യത്തിൽ സംശയമില്ല.
Post Your Comments