തിരുവനന്തപുരം: ആകാശ് തില്ലങ്കേരിക്കെതിരായ കേസിൽ പൊലീസ് നടപടി എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൂടുതൽ പ്രതികരിക്കാനില്ലെന്നും, അതിന്റെ ആവശ്യം നിലവിലില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാർട്ടി പതാകയും ചിഹ്നവും ഉപയോഗിച്ച് നടത്തുന്ന കാര്യങ്ങളിൽ പാർട്ടി പരാതി നൽകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘പ്രദേശത്ത് ഏതോ ഒരു ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരാളെ പറ്റി എന്ത് പ്രതികരിക്കാനാണ്. ഒന്നും പ്രതികരിക്കാനില്ല. പാർട്ടിക്ക് തന്നെ കൃത്യമായി കൈകാര്യം ചെയ്യാൻ അറിയാം. ഏതെങ്കിലും ആൾ അവിടെയും ഇവിടെയും പറഞ്ഞാൽ പ്രതികരിക്കാൻ നടക്കണോ? അതെല്ലാം പ്രാദേശികമായിട്ടുള്ള കാര്യമായിട്ടെടുത്താൽ മതി’ എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ആകാശ് തില്ലങ്കേരിയുടെയും മറ്റ് രണ്ടാളുകളുടെയുംപേരിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തിന് പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ചു. മുഴക്കുന്ന് സിഐ രജീഷ് തെരുവത്ത് പീടികയുടെയും മട്ടന്നൂർ സിഐഎം കൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡിന് രൂപം നൽകി.
മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിലാണ് ആകാശ് തില്ലങ്കേരി, ജിജോ, ജയപ്രകാശ് എന്നിവരുടെ പേരിൽ കേസെടുത്തത്.
ഡിവൈഎഫ്ഐ യോഗത്തിൽ ആകാശിനെ വിമർശിച്ചതിന് സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേർക്കുമെതിരേയുള്ള പരാതി. ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിൽ കഴിഞ്ഞരാത്രി രണ്ടുതവണ പോലീസ് പരിശോധനയ്ക്കെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒളിവിൽപ്പോയ മൂന്നുപേരും മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.
Post Your Comments