മുംബൈ: മുംബൈയിലെ ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധന അവസാനിപ്പിച്ചു. രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥര്‍ മുംബൈയിലെ കലീനയിലുള്ള ബിബിസി സ്റ്റുഡിയോസിന്റെ ഓഫീസില്‍ നിന്ന് മടങ്ങിയത്. അക്കൗണ്ട്‌സ് വിഭാഗത്തിന്റെ കംപ്യൂട്ടറുകളുടെ ഡിജിറ്റല്‍ പകര്‍പ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. ജീവനക്കാരില്‍ നിന്ന് നേരിട്ടും വിവരങ്ങള്‍ രേഖപ്പെടുത്തി. പരിശോധന നടക്കുന്നതിനാല്‍ മൂന്ന് ദിവസമായി ഭൂരിഭാഗം ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം രീതിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. മുംബൈയിലെ പരിശോധന അവസാനിച്ചെങ്കിലും ദില്ലിയിലെ ബിബിസി ഓഫീസില്‍ പരിശോധന ഇപ്പോഴും തുടരുകയാണ്. നാളെ പരിശോധനയെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പ് ആദായ നികുതി വകുപ്പ് പുറത്തിറക്കിയേക്കും.
നികുതി നല്‍കാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് ബിബിസിയുടെ ഇന്ത്യയുടെ ഓഫീസുകളില്‍ പരിശോധന നടത്തിയത്. ബിബിസി ഓഫീസില്‍ നടക്കുന്നത് സര്‍വേയാണെന്നും പരിശോധനയല്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സര്‍വ്വേയോട് പൂര്‍ണമായും സഹകരിക്കുന്നുവെന്നായിരുന്നു ബിബിസിയുടെ പ്രതികരണം. ഉദ്യോഗസ്ഥരോട് സഹകരിക്കാനും ബിബിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി പുറത്തുവന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് പരിശോധന നടക്കുന്നത്.
Post Your Comments