പയ്യന്നൂര്‍: വീട്ടില്‍ നിധിയുണ്ടെന്നും അതെടുത്ത് നല്‍കാമെന്നും വിശ്വസിപ്പിച്ച് വീട്ടമ്മയുടെ പക്കൽ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിനെതിരെ കേസ്. പയ്യന്നൂര്‍ കാറമേൽ സ്വദേശിനിയുടെ പരാതിയിലാണ് ചെറുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തെ എം.ടി.പി. റഷീദ്, മാതാവ് സൈനബ, ഭാര്യ അശിഫ, സഹോദരങ്ങളായ ഷര്ഫിദ്ദീന്, ഷംസു, നിസാം, വയനാട്ടിലെ ഉസ്താദ് അബുഹന്ന, കാസര്‍ഗോഡ് സ്വദേശിയായ തങ്ങള്‍ എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ആറ് ലക്ഷത്തോളം രൂപയാണ് പല ഘട്ടങ്ങളിലായി സംഘം തട്ടിയെടുത്തതെന്ന് പരാതിക്കാരി പറയുന്നു. പരാതിക്കാരിയുടെ മാതാവിന്റെ പേരിലുള്ള പടന്നയിലെ സ്വത്ത് വില്പനയുമായി ബന്ധപ്പെട്ട് സമീപിച്ച റഷീദുമായി കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. പ്രശ്നങ്ങൾക്ക് മാറണം വീട്ടിലെ പാമ്പ് ശല്യമാണെന്നും, പരിഹാരം കാണാൻ കഴിവുള്ള ഉസ്താദ് വയനാട്ടിലുണ്ടെന്നും പറഞ്ഞ് ഉസ്താദിന്റെ ഫോണ്‍ നമ്പര്‍ റഷീദ് വീട്ടമ്മയ്ക്ക് നല്കി.
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ റഷീദ് പരാതിക്കാരിയുമായി വയനാട്ടിലെ ഉസ്താദിന്റെയടുത്ത് പോയി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൂടോത്രം ചെയ്തിട്ടുണ്ടെന്നും മൊത്തം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രണ്ട് ലക്ഷം രൂപ വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പണം നൽകി, മന്ത്രങ്ങൾ തുടങ്ങി. വീട്ടില്‍ നിധിയുണ്ടെന്നും ചെകുത്താന്മാര് കാവലിരിക്കുന്ന അതെടുക്കുവാന്‍ വേറെ ആളെ വരുത്തണമെന്നും അറിയിക്കുന്നു. ഇതിനായി നിയോഗിച്ചത് കാസർഗോഡുള്ള തങ്ങളെയാണ്. ഇതിനായി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടതിന് പ്രകാരം ഈ തുകയും നല്കി.
പലദിവസങ്ങളിലും അര്‍ധരാത്രിയില്‍ ഈ സംഘം പരാതിക്കാരിയുടെ വീട്ടിലെത്തി ആഭിചാര കര്‍മങ്ങള്‍ നടത്തിയിരുന്നു. കര്‍മങ്ങള്‍ തുടരവെ സംഘത്തിലുള്ള ഉസ്താദുള്പ്പെടെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്പ്പടണമെന്നും പറഞ്ഞു. ഇതോടെയാണ് പരാതിക്കാരിക്ക് സംശയം തോന്നിത്തുടങ്ങിയത്. പണം തിരികെ ചോദിച്ചപ്പോൾ സംഘത്തിന്റെ ഭാവം മാറി. ഇതോടെ, താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയ വീട്ടമ്മ പോലീസിൽ പരാതി നൽകി.
Post Your Comments