എരുമേലി: മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ച കേസിൽ മകൻ പൊലീസ് പിടിയിൽ. എരുമേലി കനകപ്പാലം കാരിത്തോട് ഭാഗത്ത് പാട്ടാളിൽ വീട്ടിൽ ജോസി എന്ന് വിളിക്കുന്ന തോമസ് ജോർജി(32)നെയാണ് അറസ്റ്റ് ചെയ്തത്. എരുമേലി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഓട്ടോ ഡ്രൈവറായ മകൻ മദ്യപിച്ച് വീട്ടിലെത്തി അമ്മയെയും വല്യമ്മയെയും സ്ഥിരമായി മർദ്ദിച്ചിരുന്നു. തുടർന്ന്, ഇതിനെതിരേ അമ്മ കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്ന് ഗാർഹിക നിയമപ്രകാരം സംരക്ഷണ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചു കൊണ്ടാണ് ഇയാൾ അമ്മയെ വീണ്ടും ഉപദ്രവിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്എച്ച്ഒ വി.വി. അനിൽകുമാർ, എസ്ഐ ശാന്തി കെ. ബാബു, അബ്ദുൾ അസീസ്, രാജേഷ്, സിപിഒ എ. കൃപ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments