തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ചിന്തയെ യുവജന കമ്മീഷനില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. കാലാവധിയും ഗ്രേസ് പിരീഡും പിന്നിട്ടിട്ടും ചിന്ത ജെറോം യുവജന കമ്മീഷൻ ചെയർപേഴ്സൺ കസേരയിൽ കടിച്ച് തൂങ്ങിയിരിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് പരാതി നല്‍കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും ചിന്തയെ പോസ്റ്റില്‍ തുടരാന്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ മൗനാനുവാദമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
അന്‍പതിനായിരം രൂപയായിരുന്ന യുവജന കമ്മീഷന് ചെയര്‍പെഴ്സണിന്റെ മാസ വേതനം ചിന്ത നല്കിയ അപേക്ഷയെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപയാക്കുകയും അതിനു മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തത് വന്‍വിവാദമായിരുന്നു. ഇപ്പോള്‍ കാലാവധി കഴിഞ്ഞിട്ടും ഗ്രേസ് പിന്നിട്ടിട്ടും പുതിയ നിയമനം നടത്താതെ സര്‍ക്കാര്‍ ചിന്തയെ സഹായിക്കുകയാണ് എന്ന ആക്ഷേപമാണ് ഉണ്ടായിരിക്കുന്നത്. പുതിയ അധ്യക്ഷന്‍ വരുന്നത് വരെയോ അല്ലെങ്കില്‍ ഗ്രേസ് പിരീഡായ ആറുമാസം വരെയോ ചിന്തയ്ക്ക് നിയമപരമായി തുടരാം. പുതിയ അധ്യക്ഷനെ നിയമിക്കുന്നത് സര്‍ക്കാര്‍ ആറുമാസം നീട്ടിക്കൊണ്ട് പോയാല്‍ ഓരോ മാസവും ഓരോ ലക്ഷം രൂപ ചിന്തയ്ക്ക് വേതനം കൈപ്പറ്റാം എന്നതാണ് നിലവിലെ സ്ഥിതി.
ഇപ്പോള്‍ ചിന്തയെ തുടരാന്‍ അനുവദിക്കുന്നതിന് പിന്നിലും ഇതേ ഉദാര സമീപനം തന്നെയാണ് എന്ന ആക്ഷേപമാണ് ഉണ്ടായിരിക്കുന്നത്. ചിന്താ ജെറോമിന്റെ നിയമനം ആദ്യം നടന്നത് 2016 ഒക്ടോബറിലാണ്. 3 വർഷമാണ് നിയമന കാലാവധി. ആക്റ്റ് അനുസരിച്ച് 2 തവണയാണ് ഒരാൾക്ക് ഈ തസ്തികയിൽ നിയമനം നേടാനുള്ള അവകാശം. എന്നാൽ ചിന്താ ജെറോമിന് നിയമനം ലഭിച്ചിട്ടു 6 കൊല്ലം കഴിഞ്ഞു. പക്ഷെ പദവി വിട്ടൊഴിയാൻ ചിന്ത തയ്യാറാകുന്നില്ല എന്ന് പരാതിയില്‍ വിഷ്ണു സുനില്‍ പറയുന്നു.
Post Your Comments