ചെന്നൈ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ നൽകാതെ കോടതി. പെട്ടെന്നുള്ള ദേഷ്യത്തിലും പ്രകോപനമുണ്ടായതിനെ തുടർന്നുമാണ് യുവാവ് കൊലപാതകം നടത്തിയതെന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതി യുവാവിന് ജീവപര്യന്തം ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്. ഐപിസി സെക്ഷൻ 304 പാർട്ട് ഒന്ന് പ്രകാരം കുറ്റം ചെയ്തിട്ടുണ്ടെന്നും കോടതി അറിയിച്ചു.
ലൈംഗിക ബന്ധത്തിന് ഭാര്യ സമ്മതിക്കാതിരുന്നതാണ് യുവാവിനെ പെട്ടെന്ന് പ്രകോപിതനാക്കിയതെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹേതര ബന്ധം പുലർത്തിയിരുന്ന പുരുഷനുമായി മാത്രമെ ലൈംഗിക ബന്ധത്തിലേർപ്പെടൂ എന്ന് ഭാര്യ പറഞ്ഞതും യുവാവിന്റെ ദേഷ്യം വർദ്ധിപ്പിച്ചുവെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
ശ്രീനിവാസൻ എന്ന യുവാവിന്റെ ജീവപര്യന്തം ശിക്ഷയാണ് കോടതി ഒഴിവാക്കിയത്. 10 വർഷം തടവാണ് കോടതി ശ്രീനിവാസന് വിധിച്ചിരിക്കുന്ന ശിക്ഷ. 5,000 രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചു. സെക്ഷൻ 302 ഒഴിവാക്കണമെന്ന പ്രതിഭാഗം വാദം അംഗീകരിച്ചായിരുന്നു കോടതി വിധി.
ഭാര്യയോട് ശ്രീനിവാസന് കടുത്ത വിദ്വേഷം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, പ്രോസിക്യൂഷൻ വാദം കോടതി തള്ളുകയായിരുന്നു.
Post Your Comments