തൃശൂർ: ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇനിയും കാരണം കണ്ടെത്താൻ പോലീസിനായിട്ടില്ല. കാറളം ഹരിപുരം സ്വദേശി കീഴ്പ്പള്ളിപ്പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനന് സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. നിലവിൽ ആത്മഹത്യയിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.
വീടിനോട് ചേർന്ന് കട നടത്തുന്ന മോഹനൻ കട തുറന്നിരുന്നില്ല. വീട് അടഞ്ഞു കിടക്കുകയുമായിരുന്നു. തൊട്ടടുത്ത് തന്നെയുള്ള ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ലഭിക്കാതെ വന്നതോടെ വീടിൻ്റെ പിറകിലെ വാതിൽ തള്ളി ചവിട്ടി പൊളിച്ച് അകത്തു കടക്കുകയായിരുന്നു. മോഹനനെയും ആദർശിനെയും വീട്ടിലെ ഹാളിലും ഭാര്യ മിനിയെ കിടപ്പുമുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടൂർ പൊലീസ് സ്ഥലത്തെത്തി.
മോഹനൻ-മിനി ദമ്പതിമാർക്ക് രണ്ട് കുട്ടികളാണുള്ളത്. മൂത്ത മകൾ മിഷ ഭർത്താവിനൊപ്പം വിദേശത്താണ്. മിഷയും ആദർശും തമ്മിൽ പത്ത് വയസ് വ്യത്യാസമുണ്ട്. സംഭവദിവസം വൈകിട്ട് കട അടച്ച് ബന്ധുവീട്ടിലെത്തിയ മോഹനൻ, തങ്ങൾ ഒരിടം വരെ പോവുകയാണെന്ന് പറഞ്ഞിരുന്നു. തിരിച്ച് വന്ന അദ്ദേഹം പിന്നീട് വാതിൽ തുറന്നില്ല. രാത്രി മോഹനനെ അന്വേഷിച്ച വന്നയാൾ വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെയാണ് വാതിൽ തല്ലിപ്പൊട്ടിച്ച് അകത്ത് കയറിയത്. ഇതോടെയാണ് മരണവിവരം എല്ലാവരും അറിഞ്ഞത്.
Post Your Comments