തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ തെളിവായെടുത്ത് ഇ ഡി. സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കർ പറയുന്ന വാട്സാപ്പ് സന്ദേശം ഇ.ഡി. കസ്റ്റഡി അപേക്ഷയിൽ ഉൾപ്പെടുത്തി. സ്വപ്നയുടെ ജോലി ലോ പ്രൊഫൈൽ ആകുമെങ്കിലും ശമ്പളം ഇരട്ടിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായുള്ള ശിവശങ്കറിന്റെ സന്ദേശവും കസ്റ്റഡി അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇക്കാര്യങ്ങൾ ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്. ശിവശങ്കറും സ്വപ്നയും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് പ്രധാനപ്പെട്ട തെളിവെന്ന് ഇ.ഡി. പറയുന്നു. ഇതാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. കേസിൽ ഒമ്പതാം പ്രതിയാണ് ശിവശങ്കർ എന്നും ഇ.ഡി. വ്യക്തമാക്കുന്നുണ്ട്. 31-7-2019-ൽ നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് ഇ.ഡി. കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
പല ഘട്ടങ്ങളിലും ഇടപാടുകളുമായി ബന്ധപ്പെട്ട് ശിവശങ്കർ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. കാര്യങ്ങൾ സൂക്ഷിക്കണമെന്നും എന്തെങ്കിലും പിഴവ് പറ്റിയാൽ എല്ലാം സ്വപ്നയുടെ തലയിലാകുമെന്ന കാര്യവും ശിവശങ്കർ വാട്സാപ്പ് ചാറ്റിൽ സൂചിപ്പിക്കുന്നുണ്ട്. കോഴപ്പണം വരുന്നതിന്റെ തലേന്ന് നടത്തിയ ചാറ്റുകൾ എന്നാണ് ഇ.ഡി. ഇതിനെക്കുറിച്ച് പറയുന്നത്. കേസിൽ ഈ ചാറ്റുകൾ ഏറെ നിർണായകമാണെന്നും വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇ.ഡി. വ്യക്തമാക്കുന്നു
Post Your Comments