ദുബായ്: മുൻകാമുകൻ പീഡിപ്പിച്ചെന്ന് ആരോപിച്ച് വ്യാജ പരാതി നൽകിയ പ്രവാസി യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷം ജയിൽ ശിക്ഷയും 1000 ദിർഹം പിഴയുമാണ് യുവതിയ്ക്ക് കോടതി വിധിച്ച ശിക്ഷ. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു എന്നാൽ, യുവതി ഇതിനെതിരെ അപ്പീൽ നൽകിയതോടെ കോടതി ശിക്ഷ ഇളവ് നൽകി. പിഴ മാത്രമായി കോടതി ശിക്ഷ നിജപ്പെടുത്തി.
തന്റെ വീട്ടിൽ വെച്ച് മുൻ കാമുകൻ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുന്നതിനിടെ യുവതി ആരോപണം പിൻവലിച്ചു. താനുമായുള്ള ബന്ധം അവസാനിപ്പിച്ചതിനോടുള്ള പ്രതികാരമായാണ് വ്യാജ ആരോപണം ഉന്നയിച്ചതെന്ന് യുവതി പിന്നീട് സമ്മതിക്കുകയും ചെയ്തു.
ഒപ്പം ജോലി ചെയ്തിരുന്ന യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഇരുവരും തമ്മിൽ യോജിച്ചു പോകില്ലെന്ന് മനസിലാക്കി യുവാവ് ബന്ധത്തിൽ നിന്നും പിന്മാറി. പിരിഞ്ഞു ജീവിക്കുന്നതിനിടെ ഒരു ദിവസം, താൻ ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ട് യുവതി ഇയാൾക്ക് മെസേജ് അയച്ചു. ഇത് നുണയാണെന്ന് പിന്നീട് യുവാവ് മനസിലാക്കി. എന്നാൽ യുവാവിനെ തിരികെ ലഭിക്കാനായി നുണ പറഞ്ഞതാണെന്നും തനിക്ക് സ്‌നേഹം ഇപ്പോഴാണ് മനസിലായതെന്നും പറഞ്ഞ് യുവതി ഇക്കാര്യം ന്യായീകരിച്ചു. പിന്നീട് ഇരുവരും വീണ്ടും യോജിപ്പിലായി. എന്നാൽ, പിന്നെയും പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ വീണ്ടും ഇവർ ബന്ധം അവസാനിപ്പിച്ചു. തുടർന്നാണ് യുവതി മുൻകാമുകനെതിരെ വ്യാജ പരാതി നൽകിയത്.
Read Also: തിരുവനന്തപുരത്ത് വെള്ളം ചോദിച്ചെത്തിയ 42കാരന്‍ എൺപതുകാരിയെ ബലാത്സംഗം ചെയ്തു: വൃദ്ധ ആശുപത്രിയിൽ
Post Your Comments