പത്തനംതിട്ട: പന്തളത്ത് വാടക വീട്ടിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുന്തല തുളസീഭവനത്തിൽ സജിതയെ പങ്കാളി തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജു കൊലപ്പെടുത്തിയത് സംശയരോഗത്തെ തുടർന്നെന്നാണ് അയൽവാസികൾ വ്യക്തമാക്കുന്നത്. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് സജിതയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
പന്തളം പൂഴിക്കാട്ട് തച്ചിരേത്ത് ലക്ഷ്മിനിലയത്തിൽ മൂന്നുവർഷമായി വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ഷൈജുവും സജിതയും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സജിത കൊല്ലപ്പെട്ടത്. വിവാഹിതയായ സജിത ഏറെ നാളായി ഭർത്താവുമായി അകന്നു താമസിക്കുകയായിരുന്നു. ഇടയ്ക്ക് തിരുവല്ലയിൽ ഒരു ഷോപ്പിൽ യുവതി ജോലിക്ക് നിന്നിരുന്നു. ഇതിനിടെയാണ് യുവതി ഷെെജുവുമായി ഫേസ്ബുക്കിലൂടെ പരിചയത്തിലാകുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. സജിതയ്ക്ക് ഒപ്പം ഏറെ നാളായി ഷെെജു താമസിച്ചു വരികയായിരുന്നു.
കൊല്ലപ്പെട്ട സജിതയും ഷൈജുവും തമ്മിൽ പലതവണ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സജിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് ഷൈജു ഇയാളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഭർത്താവുമായി പൂർണ്ണമായി അകന്നതോടെയാണ് യുവതി ഷെെജുവിനൊപ്പം താമസമാരംഭിച്ചത്. കുറച്ചു കാലമായി ഇവർ വാടക വീടെടുത്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം സമീപത്തെ വീട്ടുകാരുമായി അടുത്ത ബന്ധം ഇവർ പുലർത്തിയിരുന്നില്ലെന്നും അയൽക്കാർ പറയുന്നു.
കഴിഞ്ഞ ദിവസം ഷെെജു തൻ്റെ സുഹൃത്തുക്കളെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ സുഹൃത്തുക്കൾ കണ്ടത് തലയ്ക്ക് അടിയേറ്റ് രക്തം വാർന്നു കിടക്കുന്ന സജിതയെയാണ്. എന്നാൽ ഷെെജുവിനെ വീട്ടിൽ കാണാനും കഴിഞ്ഞില്ല. സജിതയ്ക്ക് പരിക്കേറ്റതായി സുഹൃത്തുക്കൾ അറിയിച്ചത് പ്രകാരം പൊലീസ് വീട്ടിലെത്തുകയായിരുന്നു. വീട്ടിൽ എത്തിയ പൊലീസ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ സജിതയെ ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ യുവതിയുടെ തലയ്ക്കടിച്ച മരക്കഷ്ണം കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനയിലാണ് മരണകാരണം തലയ്‌ക്കേറ്റ അടിയാലാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വർഷമായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. രണ്ടുപേരും മുമ്പ് വിവാഹം കഴിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലാണ് ഷൈജു സജിതയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.
സജിത മരിച്ചെന്ന് ഉറപ്പിച്ച പ്രതി ഷൈജു അന്നുതന്നെ സ്ഥലം വിട്ടു. രാത്രി തന്നെ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഷൈജു സാധാരണ പോകാറുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഷൈജുവിൻറെ മൊബൈൽ ഫോൺ കൊലപാതകം നടന്ന ദിവസം മുതൽ സ്വിച്ച് ഓഫ് ആണ്.അതേസമയം, ഇയാൾ കേരളം വിട്ടെന്ന സംശയവും അന്വേഷണ സംഘം ഉയർത്തുന്നുണ്ട്.
Post Your Comments