Latest NewsIndia

വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കും, എന്നിട്ട് സഭയില്‍ നിന്ന് ഇറങ്ങിപ്പോകും, മറുപടി കേൾക്കാൻ നിക്കില്ല- കോൺഗ്രസിനെതിരെ നിർമല

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പരസ്യവിമര്‍ശനം നടത്തി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അഴിമതിയാരോപണങ്ങള്‍ നടത്തി ചില കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.

‘നിങ്ങള്‍ അഴിമതിയെപ്പറ്റി സംസാരിക്കുന്നതിന് മുമ്പ് ഡെറ്റോള്‍ സ്വന്തം വായ കഴുകൂ. അഴിമതിയുടെ മുകളിൽ ഇരുന്നാണ് നിങ്ങൾ സംസാരിക്കുന്നത്. എന്താണ് നിങ്ങള്‍ക്ക് അഴിമതിയെപ്പറ്റി പറയാനുള്ളത്,’ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ അധികാരത്തിലിരുന്ന കാലത്ത് കോണ്‍ഗ്രസ് ആണ് അവിടെ ഡീസലിന് മേലുള്ള വാറ്റ് നികുതി വര്‍ധിപ്പിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

‘ഹിമാചല്‍ പ്രദേശില്‍ ഡീസലിന് മേലുള്ള വാറ്റ് നികുതി വര്‍ധിപ്പിച്ചത് നിങ്ങളാണ്. ഇതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരം. വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കും, എന്നിട്ട് സഭയില്‍ നിന്ന് ഇറങ്ങിപ്പോകും. പറയുന്നത് ഒന്നും ചെവിക്കൊള്ളില്ല,’ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പഞ്ചാബില്‍ പെ്‌ട്രോളിനും ഡീസലിനും മേലുള്ള വാറ്റ് നികുതി 2023 ഫെബ്രുവരിയില്‍ കൂട്ടിയിട്ടുണ്ട്. ഇതോടെ ഇവയ്ക്ക് ലിറ്ററിന് 95 രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ സ്ഥിതിയെപ്പറ്റിയും നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. ”തെറ്റ് ആര്‍ക്കും പറ്റും. എന്നാല്‍ ഇങ്ങനെയൊരു സാഹചര്യം ആര്‍ക്കുമുണ്ടാക്കരുതെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് തന്നെ ഇത്തവണയും അവതരിപ്പിക്കേണ്ടി വരിക എന്തൊരു അവസ്ഥയാണത്,’ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനില്‍ സംസ്ഥാന ബജറ്റ് അവതരണം നടന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വായിക്കേണ്ടതിന് പകരം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മുന്‍ വര്‍ഷത്തെ ബജറ്റിന്റെ ഭാഗങ്ങളാണ് വായിച്ചത്. തുടര്‍ന്നാണ് അദ്ദേഹത്തിന് തെറ്റ് പറ്റിയ വിവരം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ക്ഷമ ചോദിച്ച് ഗെഹ്ലോട്ട് രംഗത്തെത്തുകയും ബജറ്റിന്റെ മുന്‍ പേജില്‍ മാത്രമാണ് തെറ്റ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം 2023-24ലെ കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ നിലവിലെ സ്ഥിതിയ്ക്ക് അനുസരിച്ചാണ് തയ്യാറാക്കിയതെന്നാണ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഇന്ത്യയുടെ വികസന ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കുന്ന രീതിയിലുള്ള സന്തുലിത ബജറ്റ് ആണ് ഇത്തവണ തങ്ങള്‍ അവതരിപ്പിച്ചതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലം അഴിമതികളുടെ കാലമായിരുന്നുവെന്നാണ് മോദി പറഞ്ഞത്. വര്‍ധിച്ച പണപ്പെരുപ്പം, 2ജി അഴിമതി, കോമണ്‍വെല്‍ത്ത് അഴിമതി, തീവ്രവാദ ആക്രമണങ്ങള്‍ എന്നിവയെല്ലാം നടന്നത് കഴിഞ്ഞ പത്ത് വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്താണെന്നാണ് മോദി പറഞ്ഞത്.

ആദായനികുതിയിലെ പരിഷ്‌ക്കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടനവധി ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ ഇടംനേടി. ഇടത്തരക്കാര്‍ക്ക് ആശ്വാസമേകുന്ന ആദായനികുതി പരിഷ്‌ക്കാരമാണ് ബജറ്റിലെ പ്രധാന സവിശേഷത.

shortlink

Related Articles

Post Your Comments

Related Articles


Back to top button