തിരുവനന്തപുരം: റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ തിങ്കളാഴ്ച്ച നിർവ്വഹിക്കും. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എല്ലാമാസവും പത്താം തീയതിക്കുള്ളിൽ റേഷൻ വിഹിതം ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും. അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് കൃത്യമായ റേഷൻ എത്തുന്നുവെന്ന കാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. ഗുണഭോക്താക്കൾക്ക് പദ്ധതിയിലൂടെ യാതൊരു സാമ്പത്തികബാദ്ധ്യത ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്.
ആദിവാസി ഊരുകളിൽ റേഷൻസാധനങ്ങൾ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് ഇതും നടപ്പാക്കുന്നത്. പദ്ധതി കുറ്റമറ്റ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് മാനുവൽ ട്രാൻസാക്ഷൻ മുഖേന റേഷൻകാർഡുടമകളുടെ കൈപ്പറ്റ് രസീത് മാനുവൽ രജിസ്റ്റിൽ രേഖപ്പെടുത്തിയ ശേഷമാണ് സാധനങ്ങൾ നൽകുക. ഈ വിവരങ്ങൾ റേഷനിംഗ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ ഇ പോസ് മെഷീനിൽ രേഖപ്പെടുത്തും.
തൃശ്ശൂർ, പൂച്ചട്ടി, മാധവമന്ദിരം ആഡിറ്റോറിയത്തിൽ ഇന്നു 2.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ ഹരിത വി. കുമാർ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ. സജിത്ത് ബാബു ഐ. എ. എസ്, റേഷനിംഗ് കൺട്രോളർ മനോജ് കുമാർ കെ, തൃശ്ശൂർ അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി. പി. ജോസഫ്, ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ അജിത്കുമാർ കെ, തൃശ്ശൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിഡ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.
Post Your Comments