അബുദാബി: സാമ്പത്തിക, നിക്ഷേപ മേഖകളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റുമായി ചർച്ച നടത്തി അജ്മാൻ ചേംബർ. സാമ്പത്തിക, നിക്ഷേപ, വ്യാപാര രംഗത്തെ സംയുക്ത സഹകരണം സംബന്ധിച്ചാണ് ചർച്ച നടന്നത്. വ്യാപാരം വർദ്ധിപ്പിക്കുന്നതിന്റെയും, ഇതുമായി ബന്ധപ്പെട്ട സംയുക്ത ചർച്ചകൾ സംഘടിപ്പിക്കുന്നതിന്റെയും സാധ്യതകൾ സംബന്ധിച്ച് യോഗം ചർച്ച നടത്തി. ചേംബർ ഡയറക്ടർ ജനറൽ സലേം അൽ സുവൈദിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഇക്കണോമിക് ആൻഡ് കൊമേഴ്സ്യൽ കോൺസൽ കെ. കാളിമുത്തുവും തമ്മിലാണ് കൂടിക്കാഴ്ച്ച നടന്നത്.
വാണിജ്യ, നിക്ഷേപ പ്രതിനിധി സംഘങ്ങളുടെ സന്ദർശനത്തിന്റെ തോത് ഉയർത്തുന്നതിനെക്കുറിച്ചും, നിക്ഷേപകർക്കും, വ്യവസായികൾക്കുമായുള്ള പ്രത്യേക ചർച്ചാവേദികൾ ഒരുക്കുന്നതിനെക്കുറിച്ചും ഇരുവരും യോഗത്തിൽ സംസാരിച്ചു. ബിസിനസ് വിപുലീകരണത്തിനും വികസനത്തിനുമായി സാമ്പത്തിക ബന്ധങ്ങളുടെ ആഗോള ശൃംഖല സൃഷ്ടിക്കുന്നതിനും അജ്മാനെ ഒരു നിക്ഷേപ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചേംബറിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച്ച നടന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
Post Your Comments