Latest NewsKeralaNews

പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടർക്കെതിരെ കേസെടുത്തു

പാലക്കാട്: ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്. ഡോ കൃഷ്ണനുണ്ണി, ഡോ ദീപിക എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ദമ്പതിമാരാണ്. ഇന്നലെയാണ് പ്രസവ ചികിത്സയ്ക്കിടെ നല്ലേപ്പിള്ളി സ്വദേശിനി അനിതയും കുഞ്ഞും മരിച്ചത്.

സിസേറിയനില്‍ വന്ന പിഴവാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ആറാം തിയതിയായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ സിസേറിയന്‍ നടത്തിയപ്പോള്‍ രക്തസ്രാവം കൂടിയതിനാല്‍ അനിതയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഉച്ചയോടെ അനിത മരിച്ചു. കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അവിടെ എത്തുന്നതിന് മുമ്പ് നവജാതശിശുവും മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്‌കാനിങ്ങില്‍ ഉള്‍പെടെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് അനിതയുടെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, അമിത രക്തസ്രാവമാണ് അനിതയുടെ ആരോഗ്യത്തെ ബാധിച്ചതെന്നാണ് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോക്ടര്‍ അപ്പുകുട്ടന്‍ വിശദീകരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button