മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴുവർഷം കഠിനതടവ്. പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി ജിനേഷിനെയാണ് കുറ്റവാളിയെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജൂലൈ മാസമാണ് സംഭവം. രാവിലെ ട്യൂഷൻ സെന്ററിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ആനമങ്ങാട് ടൗണിന് അടുത്ത് വെച്ച് പ്രതി കുത്തുകയായിരുന്നു.
പ്രതി പെൺകുട്ടിയെ ആക്രമിക്കാൻ ഉദ്ദേശിച്ചാണ് വന്നത്. ഇതിനായി തന്റെ ബാഗിൽ കത്തി കരുതിയിരുന്നു. ഇതെടുത്ത് പെൺകുട്ടിയെ കുത്താൻ ആയുന്നതിനിടെ പെൺകുട്ടി ഒഴിഞ്ഞുമാറി. തലനാരിഴയ്ക്ക് വലിയ ആക്രമണത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനിടെ പെൺകുട്ടി യുവാവിനെ തള്ളിയിടുകയും ചെയ്തു.
ഈ വീഴ്ചയിൽ പ്രതിയുടെ കൈയ്യിൽ നിന്ന് കത്തി തെറിച്ചു പോയി. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി. ഈ സമയത്ത് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ എതിരെ വന്ന ഒരു വാഹനത്തിൽ തട്ടി പ്രതി നിലത്ത് വീണു. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. 14 വയസുള്ള പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പ്രതി ഈ പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തിരുന്നു.
പെൺകുട്ടി പ്രതിയുടെ പ്രണായാഭ്യർത്ഥന നിരസിച്ചതായിരുന്നു ആക്രമണത്തിന്റെ കാരണം. 7 വർഷം കഠിന തടവിനാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പ്രതിയെ ശിക്ഷിച്ചിരിക്കുന്നത്. 22000 രൂപ പിഴയും അടയ്ക്കണം. പെരിന്തൽമണ്ണ പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments