തിരുവനന്തപുരം: സ്കൂൾ വാർഷികാഘോഷത്തിന് വരുമോ എന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കമന്‍റ് ഇട്ട കുട്ടി ആരാധികയെ കാണാന്‍ സ്കൂളിലെത്തി നടന്‍ ഉണ്ണിമുകുന്ദന്‍. ആരാധികയെ മാത്രമല്ല സ്കൂളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും കണ്ട ശേഷമാണ് നടന്‍ മടങ്ങിയത്. നടനെ കാണാനെത്തിയ കുട്ടികളെ വെയിലത്ത് നിര്‍ത്തിയതില്‍ പരിഭവം സ്കൂള്‍ അധികൃതരോട് വ്യക്തമാക്കിയാണ് ഉണ്ണിമുകുന്ദന്‍ സ്കൂളില്‍ നിന്ന് മടങ്ങിയത്. ആറ്റിങ്ങൽ ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളെ കാണാനാണ് ഉണ്ണിമുകുന്ദൻ സ്കൂളിൽ എത്തിയത്.
ഫെബ്രുവരി 11നാണ് സ്കൂളിലെ വാർഷികാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. വാർഷികാഘോഷത്തിന് അതിഥിയായി ഉണ്ണിമുകുന്ദനെ കൊണ്ടുവരണമെന്ന ആഗ്രഹം സ്കൂളിലെ കുട്ടികൾ അധ്യാപകർക്ക് മുന്നിൽ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ നസ്രിയ നസീം നടൻ ഉണ്ണിമുകുന്ദൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വന്ന പോസ്റ്റിന് അടിയിൽ തങ്ങളുടെ ആഗ്രഹം കമന്റ് ആയി രേഖപ്പെടുത്തിയത്.
അവസാനവർഷ വിദ്യാർഥികളായ തങ്ങളുടെ നിരന്തരമായ നിർബന്ധവും ശല്യവും കാരണമാണ് സ്കൂൾ അധികൃതർ 48 വർഷത്തിനിടയിൽ ആദ്യമായി വാർഷികാഘോഷം സംഘടിപ്പിക്കുന്നതെന്നും അതിൽ തങ്ങളുടെ ഏറെ നാളത്തെ ആഗ്രഹം പോലെ ഉണ്ണിമുകുന്ദൻ അതിഥിയായി എത്തണമെന്നും നസ്രിയ ആഗ്രഹം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും ആരാധകരാണെന്നാണ് താരത്തിന് ലഭിച്ച പ്രതികരണം വ്യക്തമാക്കുന്നത്.
പല വഴിക്കും താരത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നും അതിനാലാണ് ഇത്തരമൊരു കമൻ്റ് ഇട്ടതെന്നും നസ്രിയ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്കൂളിലേക്ക് ഉണ്ണി മുകുന്ദൻ്റെ വിളിയെത്തുന്നത്. തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം കുട്ടികളെ കാണാൻ സ്കൂളിലേക്ക് എത്തുകയായിരുന്നു. സിനിമയിൽ എത്തിയതിനു ശേഷം ഇത്തരത്തിൽ ഒരു ക്ഷണം ആദ്യമായിട്ടാണ് എന്നും അതിൽ സന്തോഷമുണ്ടെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
Post Your Comments