ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിൽ വളരെ വലിയ പങ്കുവഹിക്കുന്നവയാണ് സ്മാർട്ട്ഫോണുകൾ. ദൈനംദിന ആവശ്യങ്ങൾക്ക് നാം സ്മാർട്ട്ഫോണുകളെ പലപ്പോഴും ആശ്രയിക്കാറുണ്ട്. സ്മാർട്ട്ഫോണിലെ ചില ആപ്പുകൾ മറ്റുള്ളവയെക്കാൾ കൂടുതൽ പവർ അധികമായി ഉപയോഗിക്കാറുണ്ട്. ഇത് പലപ്പോഴും ഫോണിലെ ബാറ്ററിയുടെ ആയുസിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിൽ മൊബൈൽ ഫോണുകളുടെ ബാറ്ററി ഊറ്റിയെടുക്കുന്ന വില്ലൻ ഫേസ്ബുക്ക് ആണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കമ്പനിയിലെ മുൻ ജീവനക്കാരൻ. ഫേസ്ബുക്കിലെ മുൻ ജീവനക്കാരനായ ജോർജ് ഹേവാർഡാണ് ഇത്തരത്തിൽ ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഫേസ്ബുക്കിൽ ഡാറ്റാ സയന്റിസ്റ്റായി ജോലി ചെയ്യുന്ന വേളയിൽ നേരിട്ട അനുഭവമാണ് ഇപ്പോൾ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കും മെസഞ്ചറും ഉപഭോക്താക്കളുടെ സ്മാർട്ട്ഫോണുകളുടെ ബാറ്ററി മനപ്പൂർവ്വം ഊറ്റിയെടുക്കുന്നുണ്ടെന്ന ആരോപണമാണ് ജോർജ് ഹേവാർഡ് നടത്തിയത്. ‘നെഗറ്റീവ് ടെസ്റ്റിംഗ്’ എന്ന പേരിൽ യൂസർമാരിൽ നടത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഫേസ്ബുക്ക് ബാറ്ററി പവർ ഊറ്റിയെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പലപ്പോഴും കമ്പനിയെ നെഗറ്റീവ് ടെസ്റ്റിംഗ് സഹായിക്കാറുണ്ട്. ആപ്പിനുള്ളിലെ ഫീച്ചറുകൾ പരിശോധിക്കുക, പ്രശ്നങ്ങൾ പഠിക്കുക എന്നിവയ്ക്കായി ഉപയോക്താവിന്റെ ഫോണിലെ ബാറ്ററി രഹസ്യമായി പ്രവർത്തിപ്പിക്കാൻ ഫേസ്ബുക്കിനെ നെഗറ്റീവ് ടെസ്റ്റിംഗ് സഹായിക്കുന്നു. കമ്പനിയുടെ നെഗറ്റീവ് ടെസ്റ്റിംഗിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് ജോർജ് ഹേവാർഡിനെ ഫേസ്ബുക്ക് പിരിച്ചുവിട്ടത്.
Post Your Comments