വാലന്റൈന്‍സ് ഡേയിൽ പങ്കാളിക്കൊപ്പം എവിടേയ്ക്കെങ്കിലും ഒരു യാത്ര പോയാലോ?… തുടർച്ചയായ ജോലിയുടെ തിരക്കും പിരിമുറുക്കവും ഒക്കെ മാറാൻ യാത്രകൾ ഏറെ സഹായകരമാണ്. വാലന്റൈന്‍സ് ഡേയിൽ പോകാൻ അനുയോജ്യമായ ലോകത്തിലെ ഏറ്റവും മനോഹരമായ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.
ലോകത്തിന്റെ തന്നെ ഏറ്റവും റൊമാൻറിക്കായ സ്ഥലമാണ് ഐഫൽ ടവറും മറ്റു ചരിത്ര ഇടങ്ങളും ചേരുന്ന പാരീസ് നഗരം. ഈ സ്ഥലത്തെ സന്ദർശനം നിങ്ങളുടെ ഉള്ളിലെ പ്രണയത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കും. പാരീസിന്റെ നഗരക്കാഴ്ചകളാണ് ഏറ്റവും പ്രധാന ആകർഷണം. വടക്കൻ ഫ്രാൻസിലെ സീൻ നദിയുടെ തീരത്ത് ഇൽ-ഡി-ഫ്രാൻസ് പ്രദേശത്തിന്റെ ഹൃദയഭാഗത്തായാണ് പാരീസ് നഗരം സ്ഥിതി ചെയ്യുന്നത്. പ്രണയത്തിന്റേയും കലാസാഹിത്യങ്ങളുടേയും കേന്ദ്രസ്ഥാനമായാണ് പാരീസ് അറിയപ്പെടുന്നത്.
വാലന്റൈന്‍സ് യാത്രകളിൽ തീർച്ചായും ഉൾപ്പെടുത്തുവാൻ പറ്റിയ സ്ഥലമാണ് ഇന്ത്യയിലെ നമ്പർ വൺ ഹണിമൂൺ സ്പോട്ടായ ഡാർജലിങ്. അതിമനോഹരമായ തേയിലത്തോട്ടങ്ങളും മലമടക്കുകളും കണ്ട് ഡാർജലിങ്ങിന്റെ സൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാം. ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി ടോയ് ട്രെയിനിൽ കയറി കാണാം. യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളിലൊന്നായ ഇതിലൂടെയുള്ള യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. പശ്ചിബംഗാളിന്റെ സൗന്ദര്യം മുഴുവനായും ആവാഹിച്ച് നിൽക്കുന്ന കുന്നിൻ പ്രദേശമാണ് ഡാർജലിങ്.
ഇന്ത്യയിലെ റൊമാന്റിക് യാത്രകൾക്കു പറ്റിയ പ്രധാന സ്ഥലങ്ങളിലൊന്നാണ് ഉദയ്പൂർ. പ്രണയം പറയുവാനും പങ്കുവയ്ക്കുവാനും മാത്രമല്ല, വിവാഹത്തിന്റെ തീം വെഡ്ഡിങ് ഡെസ്റ്റിനേഷൻ കൂടിയാണ് ഉദയ്പൂർ. കമിതാക്കൾ പ്രണയം ആഘോഷിക്കുവാൻ ഇവിടുത്തെ കൊട്ടാരങ്ങളും കോട്ടകളും തിരഞ്ഞെടുക്കാറുണ്ട്. താർ മരുഭൂമിയിലൂടെയുള്ള സഫാരിയും ലേക്ക് പിച്ചോള സന്ദർശനവും ഇവിടത്തെ മുഖ്യ ആകർഷണങ്ങളാണ്. ഉദയ്പൂർ കണ്ടുകഴിഞ്ഞ ശേഷം ജയ്പൂരും ജയ്സാൽമീറും കൂടി സന്ദർശിച്ച് തിരികെ മടങ്ങാം.
ചരിത്രകാലത്തെ കാഴ്ചകളിലേക്ക് സഞ്ചാരികളെ കൈപിടിച്ചു കൊണ്ടുപോകുന്ന സ്ഥലമാണ് തുർക്കി. പ്രത്യേകിച്ച് ഇവിടുത്തെ കപ്പഡോക്കിയ. തുർക്കിയിലെ ഒരു നഗരമാണ് കപ്പഡോക്കിയ. ഇസ്താംബുൾ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയാണ് ഈ നഗരം. നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി കാണുന്നു. ഈ മലകൾ തുരന്ന് റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുന്നു. യാത്രകളെ ഒരുപാട് സ്നേഹിക്കുന്നവരാണ് നിങ്ങളെങ്കിൽ എന്തായാലും ഈ സ്ഥലം ഇഷ്ടമാകും. ഗോറെം ഓപ്പൺ എയർ മ്യൂസിയം, കപ്പഡോക്കിയയിലെ റോക്ക് സൈറ്റുകൾ, അക്ടെപെ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുവാൻ കഴിയുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യണം.
ഇറ്റലിയിലെ ഫ്ലോറൻസ് റൊമൻറിക് നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള സ്ഥലമാണ്. മ്യൂസിയങ്ങളും ആർട്ട് ഗാലറികളും ആണ് ഈ നഗരത്തിന്റെ ജീവൻ. പുരാതന കാലം മുതൽ തന്നെ അതിൻറെ സംസ്കാരത്താലും ചരിത്രത്താലും ലോകം അടയാളപ്പെടുത്തിയ സ്ഥലമാണിത്. സംസ്കാരം, നവോത്ഥാന കല, വാസ്തുവിദ്യ, സ്മാരകങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം.
Post Your Comments