അബുദാബി: ഇന്ത്യൻ കയറ്റുമതി മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ – ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ മുന്നോട്ട് വെക്കുന്ന വാണിജ്യ അവസരങ്ങൾ ഉപയോഗപ്പെടുത്തിയതിനാണ് കയറ്റുമതി മേഖലയിലുള്ള ഇന്ത്യൻ സംരംഭകരെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഇന്ത്യൻ സംരംഭത്തിന്റെ മഹത്തായ അടയാളമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഉത്പ്പന്നങ്ങളെ ഇത് ആഗോളതലത്തിൽ ജനപ്രിയമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read Also: കെടി ജയകൃഷ്ണൻ വധക്കേസിൽ സിബിഐ അന്വേഷണം വേണം, യഥാർത്ഥ പ്രതികൾ സമൂഹത്തിൽ വിഹരിക്കുന്നെന്ന് ബിജെപി
യുഎഇ – ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇന്ത്യയുടെ കയറ്റുമതി വിപണിയിൽ വലിയ വളർച്ച ഉണ്ടാക്കിയിട്ടുണ്ടെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോദിയുടെ പ്രതികരണം.
കസ്റ്റംസ് തീരുവകൾ 90 ശതമാനം കുറച്ചുകൊണ്ട് വ്യാപാരം പ്രോത്സാഹിപ്പിക്കാനും, 2021 അവസാനത്തിൽ 45 ബില്യൺ ഡോളർ ആയിരുന്ന എണ്ണ ഇതര വ്യാപാരം അടുത്ത അഞ്ച് വർഷങ്ങളിൽ പ്രതിവർഷം 100 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാനും ഉടമ്പടി സഹായിക്കുമെന്ന് നേരത്തെ യുഎഇ അറിയിച്ചിരുന്നു. 2022 ഫെബ്രുവരി 18 ന് ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി മെയ് ഒന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്.
Post Your Comments