KeralaLatest NewsNews

‘സ്വയം പൊങ്ങി ലെവൽ ആത്മപ്രശംസ, മമ്മൂക്കയ്ക്ക് കിട്ടുന്ന പ്രിവിലേജ് ലാലേട്ടന് കിട്ടുന്നില്ല’: അഞ്‍ജു പാർവതി പ്രഭീഷ്

അഞ്‍ജു പാർവതി പ്രഭീഷ്

പറയാനുള്ളത് മമ്മൂക്ക നടത്തിയ കരിപ്പട്ടി പരാമർശത്തെ കുറിച്ചാണ്. അതിൽ വംശീയതയും വൈറ്റ് ഹെജിമണിയും ഒന്നുമില്ല. ഇള്ളോളം സ്വയം പൊങ്ങി ലെവൽ ആത്മപ്രശംസ ഉണ്ട് താനും. എഴുപത് കഴിഞ്ഞ ഒരാളെ സൗന്ദര്യത്തിൻ്റെ നിറകുടം, ആണത്തത്തിൻ്റെ പര്യായം എന്നിങ്ങനെ വാഴ്ത്തിപ്പാടാൻ ശോഭാ ഡേമാർ ഉള്ളപ്പോൾ ലേശം SP സ്വഭാവം ആർക്കാണ് വരാത്തത് അല്ലേ? എന്നിരുന്നാലും ഒരു പൊതുപരിപാടിക്കിടെ ഒരാൾ പറയുന്ന എല്ലാ വാചകങ്ങളും സംഭാഷണങ്ങളും നോക്കി അതിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് തിരയാൻ നിന്നാൽ ഹരിശ്ചന്ദ്രന്മാരായി ആരുമുണ്ടാവില്ല എന്നതാണ് വാസ്തവം.

വിവാദമായ ആ കരിപ്പട്ടി പ്രൊമോഷൻ്റെ വീഡിയോ കണ്ടു. അതിൽ മമ്മൂക്ക പറഞ്ഞത് തീർത്തും നിർദോഷമായ ഒന്നായി തന്നെയാണ് തോന്നിയത്. ന്യൂ ജെനിനൊപ്പം ചെറിയ ചളി പറഞ്ഞ് തൂക്കമൊപ്പിക്കാൻ ശ്രമിച്ചതായിട്ടാണ് തോന്നിയത്. ഈ അടുത്ത കാലത്തായി അദ്ദേഹത്തിൻ്റെ പല അഭിമുഖങ്ങളിലും ലേശം തമാശ കലർത്തി തഗ്ഗ് അടിക്കാൻ ശ്രമിക്കുന്നതായി കാണാം. കാർക്കശ്യക്കാരൻ, അഹങ്കാരി തുടങ്ങി നമ്മൾ ചാർത്തികൊടുത്ത ചാപ്പയടികളിൽ നിന്നും താനതല്ലെന്ന് വരുത്തി തീർക്കാനുള്ള ഒരു നിർദ്ദോഷമായ ശ്രമമാണത്. അത് തന്നെയാണ് കരിപ്പട്ടി പരാമർശത്തിൻ്റെ പിന്നിലും സംഭവിച്ചിട്ടുണ്ടാകുക.

പിന്നെ ഇവിടെ എടുത്തു പറയേണ്ടതായ ഒരു വസ്തുത എന്തെന്നാൽ മമ്മൂക്ക എന്ന താരചക്രവർത്തിക്ക് കിട്ടുന്നതും ലാലേട്ടൻ എന്ന താരചക്രവർത്തിക്ക് കിട്ടാതെ പോകുന്നതുമായ പ്രിവിലേജിനെ കുറിച്ചാണ്. ആർക്കും ഒരുപദ്രവവുമില്ലാത്ത ഒരു സംഗതി, അതായത് റോഡിൽ കിടന്ന കടലാസുകഷണങ്ങൾ പെറുക്കിയെടുത്ത ചിത്രം വന്നതിന് വരെ ലാലേട്ടനെ ടോളാനും കളിയാക്കാനും മുന്നിൽ നിന്ന പൊ ക ടീമുകൾ ഇവിടുണ്ട്. ഈ കരിപ്പട്ടി പരാമർശം ലാലേട്ടൻ നടത്തിയിരുന്നെങ്കിൽ നായരിസവും സവർണ്ണ ഹെജിമണിയും വൈറ്റ് സുപ്രമസിയും ഇട്ട് കുലുക്കി സോഷ്യൽ മീഡിയാ തെരുവുകളിൽ ആഘോഷരാവ് സംഘടിപ്പിച്ചേനേ പ്രബുദ്ധർ. എന്താ ശരിയല്ലേ? ഇപ്പോൾ ദ ക്യൂവിനും ഡൂൾ ന്യൂസിനുമൊന്നും മഹാനടന്മാരുടെ ഉള്ളിലെ വർണ്ണവെറിയെ കുറിച്ച് റിപ്പോർട്ട് ഒന്നും വേണ്ടേ വേണ്ട! ദളിത് ആക്ടിവിസ്റ്റുകൾക്ക് റേസിസവും കറുപ്പിനോടുള്ള വിവേചനവും ഒക്കെ ലാലേട്ടന് മാത്രമായി വച്ചിരിക്കുന്ന നേർച്ചക്കോഴികളാണ്.

സോഷ്യൽ മീഡിയയിലെ ഇത്തരം ഭീകരമായ ഇരട്ടത്താപ്പുകളോട് വിയോജിച്ചു കൊണ്ടു തന്നെ പറയട്ടെ ആ കരുപ്പട്ടി വിവാദം തീർത്തും നിർദോഷമായ ഫലിതമാണ്. അത് കണ്ടപ്പോൾ തോന്നിയത് ഇത്രമാത്രം – കല്യാണവീട്ടിൽ ടീനേജ് പിള്ളേർ ചളി അടിച്ചു മറിയുമ്പോൾ അവർക്കിടയിൽ ഫിറ്റാവാൻ വേണ്ടി തമാശ പറയുന്ന ചേട്ടന്മാരോ ചേച്ചിമാരോ ഇല്ലേ – അതു പോലെ മാത്രമേയുള്ളു ഇതും. അതിനിടയിൽ എന്ത് പൊളിറ്റിക്കൽ കറക്ട്നെസ്സ് ??

shortlink

Related Articles

Post Your Comments

Related Articles


Back to top button