മഞ്ഞിനിക്കര: സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയര്കീസായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ്സ് എലിയാസ് തൃതീയൻ പാത്രിയര്കീസ് ബാവായുടെ 91-ാമത് ദു:ഖ്‌റോനോ പെരുന്നാൾ ആഘോഷങ്ങൾക്ക് ഞായറാഴ്‌ച തുടക്കം കുറിക്കും. 5-ാം തിയതി തുമ്പമൺ ഭദ്രാസനത്തിന്റെ മോർ മിലിത്തിയോസ് യൂഹാനോൻ, കൊല്ലം ഭദ്രാസനത്തിന്റെ മോർ തേവോദോസ്യോസ് മാത്യുസ്, ജറുസലേമിന്റെ മോർ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രപ്പോലീത്താമാരുടെ കാർമ്മികത്വത്തിൽ രാവിലെ 8 മണിക്ക് ദയറായിൽ ആരംഭിക്കുന്ന വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയ്ക്ക് ശേഷം മഞ്ഞിനിക്കര ദയറായിലും പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും. അന്നേ ദിവസം വൈകിട്ട് 5.30ന് വിശുദ്ധ മോറാന്റെ കബറിടത്തിൽ നിന്നും ഭക്തിനിർഭരമായി കൊണ്ടുപോകുന്ന പതാക 6 മണിക്ക് ഓമല്ലൂർ കുരിശിൻ തൊട്ടിയിൽ മഞ്ഞിനിക്കര ദയറായുടെ തലവനും ദക്ഷിണ മേഖല സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായുമായ മോർഅത്താനാസിയോസ് ഗീവർഗീസ് ഉയർത്തുന്നതുമാണ്.
മധ്യ പൂർവേഷ്യയില്‍ കബറടങ്ങിയിരിക്കുന്ന ഏക പാത്രിയര്കീസിന്റെ കബറിടമാണ് മഞ്ഞിനിക്കരയിലേത്. കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെയുള്ള വിശ്വാസികൾ കാൽനടയായി ഇവിടെ എത്തുന്നു. പാലക്കാട് നിന്നും കണ്ണൂരിലെ കേളകം, ഇരിട്ടി കല്ലറ, വയനാട്ടിലെ മീനങ്ങാടി, എന്നിവിടങ്ങളിൽ നിന്നും തുടങ്ങിയ കാൽനട തീർത്ഥ യാത്ര സംഘങ്ങൾ 10നു മഞ്ഞിനിക്കര കബറിങ്കൽ എത്തിച്ചേരും. വിവിധ പ്രദേശത്തുനിന്നും ആരംഭിക്കുന്ന തീർത്ഥ യാത്ര സംഘങ്ങൾ രഥങ്ങൾ സജ്ജികരിച്ചാണ് വര്‍ഷങ്ങളായി തീർത്ഥ യാത്രയിൽ എത്തുന്നത്. നൂറുകണക്കിന് രഥങ്ങളാണ് തീര്‍ത്ഥയാത്രക്ക് ഒപ്പം ഉള്ളത്. കോവിഡ് കാലത്തു പെരുന്നാളിന് നിയന്ത്രണം ഉണ്ടായിരുന്നപ്പോഴും പ്രധാന രഥം മാത്രം വന്നു പതിവ് ആചാരം നിലനിർത്തി.
10 ദിവസത്തോളം നടന്നാണ് തീർത്ഥ യാത്ര സംഘം മഞ്ഞിനിക്കരയിൽ എത്തുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും തീര്‍ത്ഥയാത്രയിൽ പങ്കെടുക്കുന്നുണ്ട്. പരിശുദ്ധ ബാവായുടെ അനുഗ്രഹം പ്രാപിക്കാനാണ് കാൽനടയായി കബറിങ്കലേക്കു നടക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകരെയും കാൽനട തീർത്ഥയാത്ര സംഘങ്ങളെയും ഓമല്ലൂർ കുരിശിങ്കൽ വച്ച് മോർ സ്‌തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവകകളിലെ അംഗങ്ങളും സംയുക്തമായി സ്വീകരിച്ച് കബറിങ്കലേക്ക് വരവേൽകുന്നത് പതിവാണ്.
മലങ്കരസഭയിൽ എത്തിയ പരിശുദ്ധ എലിയാസ് തൃതീയൻ പാത്രിയര്കീസ് ബാവ മഞ്ഞിനിക്കരയിൽ വന്നപ്പോഴാണ് കാലം ചെയ്തത്. തുടർന്ന് ഇവിടെ കബറടക്കം നടത്തുകയുകയും ചെയ്തു. ഇറാക്കിലെ മൂസൽ സ്വദേശി ആയിരുന്നു . ഇറാക്ക്, ജോർദാൻ, ജർമനി, ലെബനൻ, തുർക്കി, സിറിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തീർത്ഥാടകർ ഇവിടെ സന്ദർശനം നടത്താറുണ്ട്.
ഈ വർഷത്തെ പെരുന്നാളിന് ശ്രേഷ്ഠ കാതോലിക്കാ ആബുൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ശ്ലൈഹീക പ്രതിനിധി അഭിവന്ദ്യ മോർ യാക്കൂബ് ബബാവി മെത്രാപ്പോലീത്തായും (ഡമാസ്‌കസിലെ സെന്റ് അഫ്രേം സിറിയൻ ഓർത്തഡോക്‌സ് സെമിനാരി ഡയറക്ടർ), പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പോലീത്തൻ ട്രസ്റ്റി അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായും പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ എല്ലാ അഭിവന്ദ്യ തിരുമേനിമാരും മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കളും സംബന്ധിക്കും.
6-ാം തിയതി മുതൽ എല്ലാ ദിവസും രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരവും 7.30ന് വിശുദ്ധ കുർബാനയും 12.30ന് ഉച്ചനമസ്‌ക്കാരവും വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്‌ക്കാരവും ഉണ്ടായിരിക്കും. 6-ാം തിയതി വൈകിട്ട് 6.30 ന് ഗാന ശുശ്രുഷയും 7 മണിക്ക് തുമ്പമൺ ഭദ്രാസനത്തിന്റെ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലിത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നതും തുടർന്ന് റവ. ഫാ. ജിനോ ജോസഫ് കരിപ്പക്കാടൻ പ്രസംഗിക്കുന്നതുമാണ്.
7-ാം തിയതി ചൊവ്വാഴ്ച രാവിലെ 9.30 ന് തുമ്പമൺ ഭദ്രാസന വനിതാസമാജത്തിന്റെ ധ്യാനയോഗം അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതും കോഴിക്കോട് ഭദ്രാസനത്തിന്റെ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലിത്ത ധ്യാനപ്രസംഗം നടത്തുന്നതുമാണ്. അന്ന് വൈകിട്ട് 6.30 ന് ഗാന ശുശ്രുഷയും 7 മണിക്ക് റവ. ഫാ. യൂഹാനോൻ വേലിക്കകത്ത് പ്രസംഗിക്കുന്നതുമാണ്.
ഫെബ്രുവരി 8-ാം തിയതി വൈകിട്ട് 6 മണിക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യര്‍ നിർവ്വഹിക്കും. 91 നിർദ്ധനരായ ആളുകൾക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. തുടർന്ന് 7 മണിക്ക് ഗാന ശുശ്രുഷയും, 7.30 ന് റവ. ഫാ. ജോർജി ജോൺ കട്ടച്ചിറ പ്രസംഗിക്കുന്നതുമാണ്. ഫെബ്രുവരി 9-ാം തിയതി രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരം, 7.30 ന് വിശുദ്ധ കുർബ്ബാന, വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. 10-ാം തിയതി വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരവും 7.30 ന് മലബാർ ഭദ്രാസനത്തിന്റെ അഭിവന്ദ്യ മോർ സ്‌തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നി•േൽ കുർബ്ബാനയും ഉണ്ടായിരിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകരെയും കാൽനട തീർത്ഥയാത്ര സംഘങ്ങളെയും 10-ാം തിയതി ഉച്ചയ്ക്ക് 3 മണി മുതൽ ഓമല്ലൂർ കുരിശിങ്കൽ വച്ച് അഭിവന്ദ്യ മെത്രാപ്പോലീത്താമാരും മോർ സ്‌തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവകകളിലെ അംഗങ്ങളും സംയുക്തമായി സ്വീകരിച്ച് കബറിങ്കലേക്ക് വരവേൽക്കും. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാർത്ഥനയും . തുടർന്ന് 6 മണിക്ക് നടക്കുന്ന പൊതു സമ്മേളനം പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ പ്രതിനിധി അഭിവന്ദ്യ മോർ യാക്കൂബ് ബബാവി മെത്രാപ്പോലീത്തായും ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ അദ്ധ്യക്ഷനായിരിക്കും. പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പോലീത്തൻ ട്രസ്റ്റി അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
11-ാം തിയതി ശനിയാഴ്ച വെളുപ്പിന് 3 മണിക്ക് മഞ്ഞിനിക്കര മോർ സ്‌തേഫാനോസ് കത്തീഡ്രലിൽ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ദയറാ കത്തീഡ്രലിൽ രാവിലെ 5.15 ന് പ്രഭാത പ്രാർത്ഥനയും, 5.45ന് അഭിവന്ദ്യരായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത (മെട്രോപ്പോലീത്തൻ ട്രസ്റ്റി) മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത (മൂവാറ്റുപുഴ മേഖല) മോർ ക്രിസ്‌തോഫോേറാസ് മർക്കോസ് മെത്രാപ്പോലീത്ത (പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറി) എന്നീ തിരുമേനിമാരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നി•േൽ കുർബ്ബാനയും തുടർന്ന് 8.30ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ശ്ലൈഹിക പ്രതിനിധി മോർ യാക്കൂബ് ബബാവിയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും മോറാന്റെ കബറിങ്കലും മോർ യൂലിയോസ് ഏലിയാസ് ബാവാ, മോർ യൂലിയോസ് യാക്കൂബ്, മോർ ഒസ്ത്താത്തിയോസ് ബെന്യാമീൻ ജോസഫ്, മോർ യൂലിയോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാർത്ഥനയും 10.30ന് സമാപന റാസയും നേർച്ച വിളമ്പും ഉണ്ടായിരിക്കും. പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക ബസ് സർവ്വീസ് മഞ്ഞിനിക്കരയിലേയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. ദയറായ്ക്ക് സമീപമുള്ള പബ്ലിക്ക് ഹെൽത്ത് സെന്ററിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും ആംബുലൻസ് സർവ്വീസും ലഭ്യമായിരിക്കും.
ദയറായ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങൾ യാചക നിരോധന മേഖലയായി പ്രഖ്യാപിച്ചു . ദയറായും പരിസരവും പ്ലാസ്റ്റിക് രഹിത മേഖലയായിരിക്കും. ഫെബ്രുവരി 18 ശനിയാഴ്ച പുണ്യശ്ലോകനായ മോർ യൂലിയോസ് ഏലിയാസ് ബാവായുടെ 61-ാമത് ദു:ഖ്‌റോനോ പെരുന്നാളോടുകൂടി ഈ വർഷത്തെ മഞ്ഞിനിക്കര പെരുന്നാൾ സമാപിക്കും.
Post Your Comments