തിരുവനന്തപുരം: നാസി ജര്‍മനിയുടെ ഗതി ഇന്ത്യയ്ക്ക് വരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. ഇതിനായി എഴുത്തുകാരും ബുദ്ധിജീവികളും വളരെയധികം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also: ‘മകളെ എങ്ങനെയെങ്കിലും രക്ഷിക്കണം, പകരം എന്റെ ജീവൻ വേണമെങ്കിൽ എടുത്തോട്ടെ’: നിമിഷപ്രിയയുടെ അമ്മ
തിരുവനന്തപുരത്ത് അന്താരാഷ്ട്ര സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ തുറന്നുതരുന്ന സംസ്‌കാരത്തിന്റെ മാഹാത്മ്യത്തില്‍ മതം കലരുന്നതിലെ ആകുലതകളും നാസി ജര്‍മനിയുടെ അവസ്ഥയും നമ്മുടെ നാട്ടില്‍ സംജാതമാവാതിരിക്കാന്‍ എഴുത്തുകാരും ബുദ്ധിജീവികളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് എം.ടി. പറഞ്ഞു.
‘ഭരണത്തിന്റെ ശക്തിയോടെ എതിര്‍പ്പിന്റെ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് നാസി കാലഘട്ടത്തെയാണ് ഓര്‍മിപ്പിക്കുന്നത്. അക്കാലത്ത് പലരും ജര്‍മനി വിട്ട് അയല്‍ രാജ്യങ്ങളിലേക്കുപോയി. ആ സ്ഥിതി ഇന്ത്യയില്‍ വരാന്‍ പാടില്ല. വരും എന്ന് ഞാന്‍ കരുതുന്നില്ല. ഇതിനെ പ്രതിരോധിക്കാന്‍ ശക്തിയുള്ളവര്‍ ഇവിടെയുണ്ട്. ഇതിന്റെ ഗൗരവം അറിയുന്നവര്‍ രംഗത്തുവരും. അതിനാല്‍ നാസി ജര്‍മനിയില്‍ സംഭവിച്ചതുപോലെ അവിടെ സംഭവിക്കും എന്നെനിക്കു തോന്നുന്നില്ല. എന്നാലും അതിന്റെ ചില സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതിനെ ഗൗരവത്തോടെ കാണണം. ചെറിയ സൂചനകള്‍ വലിയ വിപത്തിലേക്ക് എത്തിക്കും എന്ന് നാം കാണണം. കരുതിയിരിക്കണം’.
‘മതം എന്നാല്‍ അഭിപ്രായം എന്നാണര്‍ത്ഥം. ഒരു മതവും കൊല്ലാന്‍ പറഞ്ഞിട്ടില്ല. എല്ലാവരും സ്നേഹവും സൗഹാര്‍ദവുമാണ് പ്രചരിപ്പിക്കുന്നത്. സ്വന്തം ശരീരത്തില്‍ ബോംബ് കെട്ടിവച്ച് ചാവേര്‍പ്പടയാളികളായി കുറേ സാധുക്കളെ കൊലക്ക് കൊടുക്കുന്നവരെ കൊണ്ട് ആരാണ് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്? ഇതൊക്കെയാണ് തടയേണ്ടത്. യഥാര്‍ത്ഥ മതവിശ്വാസികള്‍ ഇതിനെതിരെ പൊരുതണം. ഇതൊക്കെ മനസ്സിലാക്കണം. അക്രമത്തിന്റെ ഭാഷ എല്ലാവരും കൈവെടിയണം’, എം.ടി പറഞ്ഞു.
Post Your Comments