![](/wp-content/uploads/2022/11/crime-6.jpg)
തിരുവല്ല: കിടപ്പു രോഗിയായ വയോധികയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പ്രം കോച്ചാരിമുക്കം തെക്കേടത്ത് മത്തായി ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മയെ(83)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ഏലിയാമ്മയുടെ മൃതദേഹം കിടപ്പുമുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെടുകയായിരുന്നു. ബന്ധുക്കളും സമീപവാസികളും എത്തുമ്പോഴേക്ക് മൃതദേഹം ഏതാണ്ട് പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
സംഭവത്തെത്തുടർന്ന്, വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. സംഭവം സംബന്ധിച്ച് അടുത്ത ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ, സാഹചര്യ തെളിവുകൾ ശേഖരിക്കുകയും അടുത്ത ബന്ധുക്കളുടെയും നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മേൽനടപടികൾക്ക് ശേഷം മൃതദേഹം പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് സർജന്റെ മേൽനോട്ടത്തിൽ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments