കാസര്‍ഗോഡ് : കൊല്ലം കൊട്ടിയം സ്വദേശി രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണനെ (32) ബദിയടുക്കയിലെ റബ്ബര്‍ എസ്റ്റേറ്റ് ഉള്ളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ കൂടെ താമസിച്ചിരുന്ന വയനാട് ജില്ലയിലെ കല്‍പ്പറ്റ സ്വദേശി ആന്റോ സെബാസ്റ്റ്യനെ കാണാതായിട്ടുണ്ട്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം വാതില്‍ പുറത്ത് നിന്നും പൂട്ടി ഇയാള്‍ മുങ്ങിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കാസര്‍ഗോഡ് ബദിയടുക്ക ഏല്‍ക്കാനയിലുള്ള റബ്ബര്‍ എസ്റ്റേറ്റിലെ ഇവര്‍ താമസിച്ചിരുന്ന ഓടിട്ട വീട്ടിനുള്ളില്‍ ആണ് നീതുവിന്റെ മൃതദേഹം കിടന്നിരുന്നത്. വീട് പൂട്ടി മുങ്ങിയ ആന്റോ സെബാസ്റ്റ്യനായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ കളവു കേസ് ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ഒളിവില്‍ പോയ ആന്റോ സെബാസ്റ്റ്യന്‍ മൂന്ന് വിവാഹവും മരിച്ച നീതു രണ്ട് വിവാഹവും കഴിച്ചിട്ടുണ്ട്. യുവതിയുടെ ഒരു കുട്ടി കൊട്ടിയത്ത് സ്വന്തം വീട്ടിലാണ് കഴിയുന്നത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
അകത്തെ മുറിയുടെ മൂലയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ട മൃതദേഹത്തിന്റെ കയ്യും കാലുകളും കെട്ടിയ നിലയിലായിരുന്നു. നാല് ദിവസമെങ്കിലും പഴക്കമുണ്ട്. ആന്റോ സെബാസ്റ്റ്യന്‍ യുവതിയുമൊത്ത് 42 ദിവസം മുമ്പാണ് റബ്ബര്‍ ടാപ്പിംഗിനാണ് ബദിയടുക്കയില്‍ എത്തിയത്.
മൂന്നുദിവസമായി ജോലിക്ക് വരുന്നത് കാണാതായപ്പോള്‍ എസ്റ്റേറ്റിലെ മറ്റു തൊഴിലാളികള്‍ അന്വേഷിച്ചു ചെന്നപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതാണ് സംശയത്തിനിടയാക്കിയത്. ബദിയടുക്ക എസ് ഐ കെ പി വിനോദ് കുമാറും സംഘവും സ്ഥലത്തെത്തി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നതായി സംശയിക്കുന്നു. എസ്റ്റേറ്റ് മാനേജരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments