ചെന്നൈ: മുസ്ലിം സ്ത്രീകൾക്ക് ശരിയത് കൗണ്‍സില്‍ പോലുള്ള സ്വകാര്യ സംവിധാനങ്ങള്‍ വഴി ഖുല (സ്ത്രീ മുന്‍കൈയെടുത്തു നേടുന്ന വിവാഹ മോചനം)അനുസരിച്ചുള്ള വിവാഹ മോചനം സാധ്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി. മുസ്ലിം സ്ത്രീകൾ ഖുല പ്രകാരം വിവാഹ മോചനം നേടുന്നതു കുടുംബ കോടതി വഴിയാവണമെന്നും കോടതി വ്യക്തമാക്കി. ശരിയത് സമിതികള്‍ കോടതികളോ മധ്യസ്ഥരോ അല്ലെന്നും ഇത്തരം സംവിധാനങ്ങള്‍ നല്‍കുന്ന ഖുല സര്‍ട്ടിഫിക്കറ്റിന് സാധുതയൊന്നുമില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ശരിയത് കൗണ്‍വഴി ഭാര്യ നേടിയ വിവാഹ മോചനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി ശരവണന്റെ ഉത്തരവ്. തമിഴ്‌നാട് തൗഹീദ് ജമാത് ഭാര്യയ്ക്കു നല്‍കിയ ഖുല സര്‍ട്ടിഫിക്കറ്റിനു സാധുതയില്ലെന്ന്നും കോടതി വ്യക്തമാക്കി.
എന്നാൽ, മുസ്ലിം സ്ത്രീയ്ക്ക് വിവാഹ മോചനം നേടാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും 1937ലെ മുസ്ലിം വ്യക്തിനിയമത്തില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. വിവാഹ മോചനം കുടുംബ കോടതി വഴി വേണമെന്നും ജമാഅത് കൗണ്‍സില്‍ പോലുള്ള സ്വയം പ്രഖ്യാപിത സമിതികളിലൂടെയാവരുതെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ കുടുംബ കോടതിയെ സമീപിക്കുന്നതിനുള്ള നിയമ സഹായത്തിനായി തമിഴ്‌നാട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ ബന്ധപ്പെടാന്‍ കോടതി ഭാര്യയ്ക്ക് നിര്‍ദ്ദേശം നൽകി.
Post Your Comments