പെഷവാര്‍: പാകിസ്ഥാനിലെ പെഷാവര്‍ നഗരത്തിലെ മുസ്ലിം പള്ളിയില്‍ പൊട്ടിത്തെറിച്ച ചാവേറിന്റെ ശിരസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയ ആളുകള്‍ക്കിടയില്‍ നടന്ന ചാവേറാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 93 പേരാണ്. 221 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടുമെന്നാണ് വിവരം. ഇതിനിടെയാണ് ചാവേറെന്നു സംശയിക്കുന്നയാളുടെ ശിരസ് കണ്ടെത്തിയത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തെഹ്രിക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) ഏറ്റെടുത്തിരുന്നു.
പ്രവിശ്യയിലെ പൊലീസ് ആസ്ഥാനവും ഭീകരവിരുദ്ധ സേനാ ഓഫീസും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിലേറെയും പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരുമാണ്. ഉച്ചകഴിഞ്ഞ് 1.40 ന് പൊലീസുകാരും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കെ, മുന്‍നിരയിലുണ്ടായിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പള്ളിക്കുള്ളില്‍ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പള്ളിയുടെ മേല്‍ക്കൂര താഴേയ്ക്കു പതിച്ചാണ് ഒട്ടേറെപ്പേര്‍ മരിച്ചത്.
സ്‌ഫോടനത്തില്‍ മസ്ജിദിന്റെ ഒരു ഭാഗം തകര്‍ന്നു. സ്ഫോടനം നടക്കുമ്പോള്‍ നാനൂറോളം പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ഉണ്ടായിരുന്നു. നിരോധിത സംഘടനയായ ടിടിപി സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് മുന്‍പും ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നഗരത്തിലെ ഷിയാ പള്ളിക്കുള്ളില്‍ നടന്ന സമാനമായ ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments