തിരുവനന്തപുരം: ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിന് പിന്നാലെ കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങിയേക്കുമെന്ന് സൂചന. സമാനമായ ആരോപണം മറ്റ് നേതാക്കൾക്കും നേരെ ഉയരുന്ന സാഹചര്യത്തിലാണിത്. യുവജന കമ്മീഷന് ചെയര്‍പേഴ്സണായ ചിന്തയുടെ ഗവേഷണ പ്രബന്ധത്തിന്റെ പേരില്‍ കോപ്പിയടി, മൗലികമായ പിഴവ് തുടങ്ങിയ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി പ്രമുഖരുടെ ഡോക്ടറേറ്റുകളുടെ സത്യാവസ്ഥയെ കുറിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഗവേഷണ പ്രബന്ധത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയവർക്ക് നന്ദി പറഞ്ഞ് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. സംഭവിച്ചത് സാന്ദർഭികമായ പിഴവാണെന്നും പ്രബന്ധത്തിലെ തെറ്റ് തിരുത്തുമെന്നും പുസ്തകമാക്കുമ്പോൾ പിഴവ് മാറ്റുമെന്നും ചിന്ത ജെറോം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയത് ശരിയായില്ലെന്നും ചെറിയ തെറ്റിനെ പർവതീകരിച്ച് കാണിച്ചുവെന്നും ചിന്ത ജെറോം പറഞ്ഞു. സ്ത്രീ വിരുദ്ധമായ പരാമർശം വരെ തനിക്കെതിരെ ഉണ്ടായി. വിമർശങ്ങൾ തുറന്ന മനസ്സോടെ ആണ് സ്വീകരിക്കുന്നത്.
‘വാഴക്കുല’യെ കുറിച്ച് നിരവധി വേദികളിൽ സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് അറിയാത്തതുകൊണ്ട് പറ്റിയ തെറ്റല്ല. നോട്ടപിശകാണ് ഉണ്ടായത്. ഉണ്ടായത് മാനുഷിക പിഴവാണെന്നും ചിന്താ ജെറോം പറഞ്ഞു. ‘ഈ ഒരു പരാമർശത്തിന്റെ പേരിൽ ഇത്ര വർഷം നടത്തിയ പൊതുപ്രവർത്തനം നിഷ്കാസനം ചെയ്യാനാണ് നീക്കമെങ്കിൽ ചിരിച്ചുകൊണ്ട് നേരിടും’ -ചിന്ത ജെറോം പറഞ്ഞു.
Post Your Comments