ന്യൂഡൽഹി: വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി യാത്ര ചെയ്യാൻ ശ്രമിച്ച ബംഗ്ലാദേശി യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഷാർജ വിമാനത്താവളത്തിലായിരുന്നു സംഭവം. യുവാവിന്റെ തപ്പിത്തടയൽ കണ്ട് സംശയം തോന്നിയ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാൻ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കള്ളത്തരം പുറത്തായത്.
വ്യാജ പാസ്‌പോർട്ടുമായി യാത്ര ചെയ്യാനെത്തിയ ബംഗ്ലാദേശി അൻവർ ഹുസൈനെ (28) പോലീസ് ഉടൻ പിടികൂടി. ഷാർജയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകാനാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയത്. ഇതിനായി എയർ അറേബ്യ വിമാനത്തിന് ടിക്കറ്റെടുക്കുകയും ചെയ്തു. പ്രൈമറി റെസിഡൻസ് കോളത്തിൽ ഇയാൾ കൊൽക്കത്ത എന്നായിരുന്നു എഴുതിയത്. പാസ്‌പോർട്ട് കണ്ട എമിഗ്രേഷൻ സംഘം ഹുസൈനെ ചോദ്യം ചെയ്യാൻ തുടങ്ങി. ജനന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു.
എന്നാൽ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതോടെ ഹുസൈനോട് ഇന്ത്യയുടെ ദേശീയഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ അയാൾക്ക് അത് പാടാൻ കഴിഞ്ഞില്ല. ഇതോടെ താൻ ഇന്ത്യക്കാരനല്ല ബംഗ്ലാദേശിയാണെന്ന സത്യം വെളിപ്പെടുത്തി. ബംഗ്ലാദേശിലെ മൈമെൻസിങ്ങിനടുത്തുള്ള പയാരിയാണ് തന്റെ സ്വദേശമെന്നും അദ്ദേഹം വെളിപ്പെടുത്തി. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2018ലാണ് അൻവർ ഹുസൈൻ തിരുപ്പൂരിലെത്തിയത്. ആ സമയത്ത് ഇയാൾ വ്യാജ ആധാർ കാർഡും തിരിച്ചറിയൽ കാർഡും ഉണ്ടാക്കി. പിന്നീട്, ഈ രേഖകൾ ഉപയോഗിച്ച് 2020-ൽ ഇന്ത്യൻ പാസ്‌പോർട്ട് നേടി. തുടർന്ന് യു.എ.ഇയിലെത്തുകയായിരുന്നു.
Post Your Comments