അബുദാബി: ജോലിക്കിടെ ഗുരുതരമായി പരുക്കേറ്റ തൊഴിലാളിക്ക് നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി. 250,000 ദിർഹമാണ് തൊഴിലാളിയ്ക്ക് കോടതി നഷ്ടപരിഹാരം വിധിച്ചത്. നന്നാക്കുകയായിരുന്ന പമ്പ് ദേഹത്ത് വീണ് തൊഴിലാളിയുടെ നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായിരുന്നു. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി ഉടമയ്ക്കെതിരെ തൊഴിലാളി കേസ് ഫയൽ ചെയ്തു. അബുദാബി ക്രിമിനൽ കോടതി കമ്പനി ഉടമയ്ക്ക് നേരത്തെ ശിക്ഷ വിധിച്ചിരുന്നു.
അശ്രദ്ധയ്ക്കും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് കമ്പനി ഉടമയ്ക്ക് കോടതി ശിക്ഷ വിധിച്ചത്. കമ്പനി ഉടമയ്ക്ക് 10,000 ദിർഹം പിഴ ചുമത്തുകയും തൊഴിലാളിക്ക് 60,000 ദിർഹം താത്ക്കാലിക നഷ്ടപരിഹാരം നൽകുകയും ചെയ്തെങ്കിലും വീണ്ടും നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളി കമ്പനി ഉടമക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കമ്പനിയുടെ അശ്രദ്ധയും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുടെ അഭാവവുമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം വിധിച്ചത്.
Post Your Comments