തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ പിശകില്‍ പ്രതികരിക്കാതെ യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം. തന്റെ വീട്ടില്‍ പ്രബന്ധത്തിന്റെ കോപ്പി ഉണ്ടെന്നും അത് പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്ന് പറഞ്ഞ് ഒഴിഞ്ഞ ചിന്ത പിന്നീട് പ്രതികരണം നല്‍കിയിട്ടില്ല.
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിത ആയ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കേരള സര്‍വകലാശാല പ്രോ വിസി ആയിരുന്ന ഡോ.പി.വി അജയ്കുമാറായിരുന്നു ചിന്തയുടെ ഗൈഡ്. പ്രബന്ധത്തില്‍ കൂടുതല്‍ തെറ്റുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് രഞ്ജിത്തിന്റെയും പ്രിയദര്‍ശന്റെയും സിനിമകള്‍ എന്നും പ്രബന്ധത്തില്‍ പരാമര്‍ശമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്.
നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമയിലെ പ്രത്യയ ശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് പ്രബന്ധം. കേരള നവോത്ഥാനത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ വാഴക്കുല കവിതയുടെ രംഗാവിഷ്‌കാരം 1988ല്‍ ടി.ദാമോദരന്‍ രചിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് പ്രബന്ധവും വാഴക്കുലയുമായുള്ള ബന്ധം.
2021-ലാണ് ചിന്തയ്ക്ക് ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി ലഭിച്ചത്. ചിന്തയുടെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി. വൈലോപ്പിള്ളിയുടെ പേര് വൈലോപ്പള്ളി എന്നാണ് നല്‍കിയിട്ടുള്ളതെന്നും പ്രബന്ധത്തില്‍ വേറെയും തെറ്റുകളുണ്ടെന്നും കമ്മിറ്റി ആരോപിച്ചു. ശമ്പള കുടിശ്ശിക വിവാദത്തിന് പിന്നാലെ വാഴക്കുല വിവാദം നാണക്കേടുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തല്‍..
Post Your Comments