KeralaLatest NewsNews

താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസ്; വനംവകുപ്പ്-പൊലീസ് ഉദ്യോഗസ്ഥർ കൂറുമാറി

കോഴിക്കോട്: താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ കൂറുമാറി. വിചാരണക്കിടെ എട്ട് സാക്ഷികളാണ് കൂറുമാറിയത്. ഫോറസ്റ്റ് വകുപ്പിലെ ഒരു ഡെപ്യൂട്ടി റേഞ്ചറും രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും ഒരു സിവിൽ പൊലീസ് ഓഫീസറും ആണ് കൂറുമാറിയത്. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞില്ല. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എകെ രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പ്രവീണ്‍, സുരേന്ദ്രന്‍ എന്നിവരാണ് കൂറുമാറിയ വനംവകുപ്പ് ജീവനക്കാര്‍.

താമരശേരി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്ന പുരുഷോത്തമനാണ് കൂറുമാറിയ മറ്റൊരാള്‍. പ്രതികളെ അറസ്റ്റ് ചെയ്ത അന്നത്തെ താമരശേരി ഡിവൈഎസ്പി ജെയ്സണ്‍ കെ എബ്രഹാം, സര്‍ക്കിള്‍ ഇന്‍സ്പെക്ടറും നിലവില്‍ കോഴിക്കോട് അസി. കമ്മീഷണറുമായ ബിജുരാജ് തുടങ്ങിയവര്‍ക്ക് ആണ് പ്രതികളെ തിരിച്ചറിയാന്‍ കഴിയാഞ്ഞത്.

കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയ്ക്കിടെയാണ് പ്രതികള്‍ കൂറുമാറിയത്.

2013 നവംബർ 15ന് കസ്തൂരിരംഗൻ വിഷയത്തിൽ നടന്ന ഹർത്താലിനിടെയാണ് വനം വകുപ്പ് ഓഫീസ് ആക്രമിക്കപ്പെട്ടത്.

ലോക്കല്‍ പൊലീസ് തുടക്കമിട്ട അന്വേഷണം പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എസ്പിയായി വിരമിച്ച പിപി സദാനന്ദന്‍റെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം. അക്രമികളുടെ ദൃശ്യങ്ങളും ഇവര്‍ എത്തിയ വാഹനങ്ങളും ആക്രണത്തിന് ഉപയോഗിച്ച ആയുധങ്ങളുമടക്കം നിര്‍ണായതെളിവുകളെല്ലാം അന്വേഷണ സംഘം ശേഖരിച്ചിരുന്നു. വിചാരണയ്ക്കിടെ നിര്‍ണായകമായ കേസ് ഡയറി കാണാതായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button