മാഞ്ചസ്റ്റർ: എഫ്എ കപ്പിൽ ആഴ്സണലിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി പ്രീക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റിയുടെ ജയം. 64-ാം മിനിറ്റിൽ നതാൻ ആക്കെയാണ് സിറ്റിയുടെ വിജയ ഗോൾ നേടിയത്. സമനിലക്കായി ആഴ്സണൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ മടക്കാനായില്ല. അതേസമയം, എഫ്എ കപ്പിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ റീഡിംഗാണ് എതിരാളികൾ.
ടോട്ടനം, ഫുൾഹാം, ലെസ്റ്റർ സിറ്റി ടീമുകൾക്കും മത്സരമുണ്ട്. ഇഎഫ്എൽ കപ്പ് ആദ്യപാദ സെമിയിലെ ഉജ്ജ്വല ജയത്തിന്റെ ആവേശമടങ്ങും മുൻപാണ് എഫ്എ കപ്പിൽ പ്രീക്വാർട്ടർ പ്രതീക്ഷയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്. മത്സരം ഓൾഡ് ട്രഫോഡിലാണെന്നത് യുണൈറ്റഡിന് ഇരട്ടിക്കരുത്താണ്. ഡിയേഗോ ഡാലോട്ടിന് മത്സരം നഷ്ടമായേക്കും. അതേസമയം, ലൂക്ക് ഷോയും കളിച്ചേക്കില്ല.
പരിക്ക് മാറി ജാഡൻ സാഞ്ചോ ഫിറ്റ്നസ് വീണ്ടെടുത്തത് കോച്ച് എറിക് ടെൻഹാഗിന് ആശ്വാസമാകും. സാഞ്ചോ, ഗർണാച്ചോ, വെഹോസ്റ്റ് സഖ്യത്തെ മുന്നേറ്റത്തിൽ പരീക്ഷിക്കാനും സാധ്യത. ടോട്ടനത്തിന് എവേ മത്സരത്തിൽ പ്രസ്റ്റനാണ് എതിരാളികൾ. രാത്രി 10.30നാണ് മത്സരം. മറ്റ് മത്സരങ്ങളിൽ ഫുള്‍ഹാം സണ്ടർലാൻഡിനെയും ലെസ്റ്റർ സിറ്റി വാൾസാലിനെയും നേരിടും. ലീഡ്സ് യുണൈറ്റഡ്, ബേൺലി ടീമുകൾക്കും ഇന്ന് മത്സരമുണ്ട്. ലിവർപൂളിന് നാളെ ബ്രൈറ്റനാണ് എതിരാളികൾ.
Post Your Comments