KeralaLatest NewsNews

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി കൈക്കൊള്ളണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: തടസ്സങ്ങൾ ഇല്ലാതെ ജനാധിപത്യ ഭരണസമ്പ്രദായം നിലനിൽക്കുന്നത് രാജ്യം ആത്മീയ ജനാധിപത്യത്തിൽ വിശ്വസിക്കുന്നതിനാൽ: ഗവർണർ

വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണം. ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഹൈവേ പട്രോളിംഗ് ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകളിൽ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കണം. നിശ്ചിത കാലയളവുകളിൽ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ബൈക്ക് സ്റ്റണ്ട് തടയുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബർ പെട്രോളിംഗ് ശക്തിപ്പെടുത്തണം. ഒന്നിലധികം തവണ കുറ്റകൃത്യം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് നടപടിയെടുക്കണം. വേഗപ്പൂട്ട് പരിശോധന കർശനമാക്കണം. നിർദ്ദേശാനുസരണമുള്ള വേഗതയിലാണ് വാഹനങ്ങൾ ഓടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തം. ക്യാമറ സ്ഥാപിക്കുന്നതോടൊപ്പം പ്രവർത്തനക്ഷമത ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ സഹായിക്കുന്നതിന് വികസിപ്പിച്ച ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നേഷൻ (എ.എൻ.പി.ആർ) ക്യാമറകൾ ഇ-ചലാൻ സംവിധാനവുമായി ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ഹെവി വെഹിക്കിളുകളിൽ ഡാഷ്‌ബോർഡ് ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കണം. ദേശീയ പാതകളിലും സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട മറ്റ് പാതകളിലും റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി റോഡപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. റോഡ് സുരക്ഷയ്ക്ക് മുഖ്യപരിഗണന നൽകി ട്രാഫിക്ക് ഇഞ്ചിനിയറിംഗ് ഡിസൈൻസ് വികസിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

റോഡ് സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിവിളക്ക് സ്ഥാപിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവ്വഹിക്കണം. ഗുഡ്‌സ് വാഹനങ്ങൾ അമിത ഭാരവുമായി വരുന്നത് നിയന്ത്രിക്കാൻ റവന്യൂ, മൈനിംഗ് ആന്റ് ജിയോളജി, ലീഗൽ മെട്രോളജി, മോട്ടോർവാഹന വകുപ്പ്, പോലീസ് എന്നിവർ ഏകോപിതമായി ഇടപെടണം. ഏറ്റവും പുതിയ റിയൽ ടൈം ആക്‌സിഡന്റ് ഡാറ്റ നാറ്റ്പാക്ക് ലഭ്യമാക്കണം. കോമ്പൗണ്ടബിൾ ഒഫൻസെസ് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തേണ്ട കുറ്റകൃത്യങ്ങൾ ഉൾക്കൊള്ളിക്കാൻ മോട്ടോർ വെഹിക്കിൾ ആക്ട് ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കിൽ നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂൾ കുട്ടികളുടെ വിനോദ സഞ്ചാരത്തിന് തയ്യാറാക്കിയ മാർഗ്ഗരേഖ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. റോഡ് സുരക്ഷ സംബന്ധിച്ച പ്രചരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. സ്‌കൂളുകൾ, കോളേജുകൾ, പൊതു സ്ഥാപനങ്ങൾ മുതലായവയിലൂടെ ക്യാമ്പയിൻ പ്രവർത്തനം സാധ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ബിബിസിയുടെ ഡോക്യൂമെന്ററിയ്ക്ക് പിന്നില്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button