സമ്പദ് വ്യവസ്ഥയ്ക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്ന ഈ വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. 2024- ന്റെ മധ്യത്തിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുളള ബിജെപി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് കൂടിയാണിത്. അതുകൊണ്ടുതന്നെ 2023- ലെ കേന്ദ്ര ബജറ്റിന്റെ പ്രാധാന്യം അൽപം കൂടുതലാണ്. ഈ വർഷത്തെ ബജറ്റ് ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതും, ഇൻഫ്ര കേന്ദ്രീകൃതവുമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഫെബ്രുവരി 1 ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സമ്മേളനം ആരംഭിക്കുക. ഈ വർഷം സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ബജറ്റ് അവതരിപ്പിക്കുക. ജനുവരി 31- ന് സാമ്പത്തിക സർവേയാണ് അവതരിപ്പിക്കുന്നത്. 2023- ലെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടുളള ചർച്ചകൾക്ക് കഴിഞ്ഞ നവംബറിൽ തന്നെ ധനമന്ത്രി തുടക്കമിട്ടിരുന്നു. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരുമായി ഒട്ടനവധി കൂടിക്കാഴ്ചകൾ ഇതിനോടകം നിർമ്മലാ സീതാരാമൻ നടത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബജറ്റ് അവതരണം ഓൺലൈനായി പിഐബി (PIB), സൻസദ് ടിവി (Sansad TV) എന്നിവയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ കാണാൻ സാധിക്കും. കൂടാതെ, ദൂരദർശൻ, സൻസദ് ടിവി ചാനൽ എന്നിവയിൽ ലൈവ് ടിവി ടെലികാസ്റ്റും ഉണ്ടായിരിക്കുന്നതാണ്.
Also Read: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഈജിപ്തിനെ ഇന്ത്യ കൈവിട്ടില്ല: കാരണമിത്
Post Your Comments