കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി ജുനൈസ് ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് പൊലീസ്. മണ്ണാറക്കാട് പൊലീസ് സ്റ്റേഷനില്‍ ജുനൈസിനെതിരെ വധശ്രമക്കേസടക്കം അഞ്ച് കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 269, 270, 273,34, 328 എന്നീ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഡിസിപി എസ് ശശിധരന്‍ അറിയിച്ചു.
തമിഴ്‌നാട് പൊള്ളാച്ചിയില്‍ നിന്നാണ് ജുനൈസ് പഴകിയ ഇറച്ചി കൊണ്ടുവന്നത്. കൊണ്ടുവന്ന ഇറച്ചി പഴയതാണെന്നറിഞ്ഞ് തന്നെയാണ് സൂക്ഷിച്ചതെന്നും ജുനൈസ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ‘ഇറച്ചി പഴകിയതാണെന്ന് അറിയാമായിരുന്നു. വില കുറച്ചാണ് വാങ്ങിയത്. കൊച്ചിയിലെ 50 ഓളം കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും വിപണി വിലയേക്കാള്‍ കുറച്ചാണ് ഇറച്ചി വിറ്റിരുന്നത്. 500 കിലോ ഇറച്ചി വീട്ടില്‍ സൂക്ഷിച്ചതും ചില്ലറ വില്‍പ്പനയാക്കാനാണ്. മണ്ണാര്‍ക്കാട് സ്വദേശിയായ നിസാബാണ് കച്ചവടത്തില്‍ സഹായിയായി ഉണ്ടായിരുന്നത്.’ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനാണ് ഒളിവില്‍പോയതെന്നും ജുനൈസ് പൊലീസിനോട് പറഞ്ഞു.
ഇന്നലെ പൊന്നാനിയില്‍ നിന്നാണ് ജുനൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ നടന്ന ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. വീട്ടില്‍ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ടെന്നും കുറഞ്ഞ വിലക്കാണ് ഇവര്‍ക്ക് ഇറച്ചി വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു. ജുനൈസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലുണ്ടായിരുന്ന സഹായിയായ നിസാബിനെയും കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
Post Your Comments