KeralaLatest News

വയനാട്ടിൽ ബീഫ് സ്റ്റാളിൽ നിന്ന് പുഴുവരിച്ച ഇറച്ചി പിടിച്ചെടുത്തു: കട പൂട്ടിച്ച് പഞ്ചായത്ത്

മാനന്തവാടി: വയനാട്ടിൽ പഴകിയതും പുഴുക്കളുള്ളതുമായ ഇറച്ചി പിടിച്ചെടുത്തു. കോറോം ചോമ്പാൽ ബീഫ് സ്റ്റാളിൽ നിന്നാണ് പുഴുവരിച്ച മാംസം കണ്ടെത്തിയത്. ഇതേതുടർന്ന്, സ്റ്റാൾ പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ പൂട്ടിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. സന്തോഷിന്റെ നിർദ്ദേശപ്രകാരം പഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്. പഴകിയതും പുഴുക്കളുളളതുമായ ഇറച്ചി വിറ്റുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധനക്ക് നിർദ്ദേശം നൽകിയത്.

പരിശോധനയിൽ പഴകിയ മാംസം കണ്ടെത്തി നശിപ്പിക്കുകയും തുടർന്ന് ബീഫ് സ്റ്റാൾ അടച്ചുപൂട്ടിക്കുകയും ചെയ്തു. അതേസമയം, ഇതാദ്യമായല്ല വയനാട്ടിൽ പഴകിയ മാംസം പിടിച്ചെടുക്കുന്നത്. 2019 ഒക്ടോബറിൽ മാനന്തവാടി നഗരസഭ പരിധിയിലെ എരുമ തെരുവിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മാട്ടിറച്ചി പിടികൂടിയിരുന്നു. എന്നാൽ ഈ വിവരം പുറത്തറിഞ്ഞത് ഒരു ദിവസത്തിന് ശേഷമായിരുന്നു. ഇത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു.

മാരുതി തീയേറ്ററിന് സമീപത്തെ സ്റ്റാളുകളിൽ നിന്നും എരുമത്തെരുവിലെ താൽക്കാലിക മത്സ്യമാർക്കറ്റിന്റെ സമീപത്തെ ഒരു സ്റ്റാളിൽ നിന്നുമാണ് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ മാട്ടിറച്ചി അന്ന് പിടിച്ചെടുത്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button