Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോ? ഇതൊക്കെ സ്വകാര്യതയിൽ ചെയ്യേണ്ട കാര്യങ്ങളെന്ന് സ്പീക്കർ ഷംസീര്‍

കോഴിക്കോട്: ചുംബന സമരത്തിന് എതിരായ തന്റെ മുൻ നിലപാട് ആവര്‍ത്തിച്ച് സ്പീക്കർ എ.എന്‍ ഷംസീര്‍. സ്വകാര്യതയില്‍ ചെയ്യേണ്ട ഒരു കാര്യം തെരുവില്‍ ചെയ്യുന്നതിനെ താന്‍ എതിര്‍ക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കർ. പുരോഗമന കാഴ്ചപ്പാടുള്ള ആളായിട്ടും ചുംബന സമരത്തിന് എതിരെ നിലപാട് എടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘സ്വകാര്യതയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തെരുവില്‍ ചെയ്യാന്‍ പാടില്ല എന്നാണ് എന്റെ നിലപാട്. അത് അരാജകത്വമാണ്. അത്തരം അരാജകത്വത്തെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ചുംബനം എങ്ങനെയാണ് ഒരു പ്രതിഷേധത്തിന്റെ മാര്‍ഗമാകുന്നത്? നമുക്ക് ചില അടിസ്ഥാന സാംസ്‌കാരിക ധാര്‍മ്മികതകളും മൂല്യങ്ങളും ഉണ്ട്. ഇക്കാര്യം താൻ അന്ന് പറഞ്ഞപ്പോള്‍ ചില അരാജകവാദികള്‍ എന്നെ രൂക്ഷമായി ആക്രമിച്ചിരുന്നു. എന്നാല്‍, താന്‍ അന്ന് പറഞ്ഞതില്‍ തന്നെയാണ് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത്’, ഷംസീർ പറയുന്നു.

അതേസമയം അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും എ എന്‍ ഷംസീറിന്റെ നിലപാടിനെ പിന്തുണച്ചിരുന്നു എന്ന് ചോദ്യകര്‍ത്താക്കള്‍ ചൂണ്ടി. ഇതിന് മറുപടിയായി അത് ശരിയായിരുന്നു എന്നും എന്നാല്‍ അക്കാലത്ത് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നോട് പിണങ്ങി എന്നും എ എന്‍ ഷംസീര്‍ വ്യക്തമാക്കി. എന്നാല്‍ അവരും പിന്നീട് നിലപാട് മാറ്റി എന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം ‘ചുംബന സമരം’ ഒരു തരത്തില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം ആയിരുന്നില്ലേ എന്ന ചോദ്യത്തിന് ചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോ എന്നായിരുന്നു ഷംസീറിന്റെ തിരിച്ചുള്ള ചോദ്യം. താന്‍ എന്തായാലും അത്ര പുരോഗമനവാദിയല്ല എന്നും ചിരിച്ച് കൊണ്ട് എ എന്‍ ഷംസീര്‍ മറുപടി പറഞ്ഞു. 2014 ല്‍ ആണ് കേരളത്തില്‍ ചുംബനം സമരം എന്ന പ്രതിഷേധം അരങ്ങേറിയത്. കിസ്സ് ഓഫ് ലവ് എന്ന പേരില്‍ കൊച്ചിയില്‍ ആണ് ആദ്യം സമരം നടന്നത്. പിന്നീട് കോഴിക്കോട് അടക്കമുള്ള കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും സമരം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button