കൊച്ചി: ഗണപതി അവഹേളനം നടത്തിയ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യുഡിഎഫ് സിപിഎമ്മുമായി ചേര്‍ന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ‘കാക്ക ചത്താല്‍ പോലും നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കുന്ന പ്രതിപക്ഷം ഹിന്ദുക്കളുടെ പ്രധാന ദൈവമായ ഗണപതിയെ സഭാനാഥന്‍ അധിക്ഷേപിച്ചിട്ടും നോട്ടീസ് കൊടുക്കാന്‍ തയ്യാറാവാത്തത് വോട്ട്ബാങ്ക് രാഷ്ട്രീയ താല്‍പര്യമുള്ളത് കൊണ്ടാണ്. ഗണപതി ഹിന്ദു ദൈവം ആയത് കൊണ്ടാണ് പ്രതിപക്ഷം തങ്ങളുടെ ധര്‍മ്മം നിര്‍വഹിക്കാത്തത്’, കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ആലുവയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് നീതി വേണം എന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹിന്ദുക്കളുടെ മേല്‍ കുതിരകയറാന്‍ ആര്‍ക്കും അവകാശമുണ്ടെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഷംസീറിനെതിരെ ഞങ്ങള്‍ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കെ.സുധാകരന്‍ പറഞ്ഞത്. ഇതാണോ കോണ്‍ഗ്രസിന്റെ ശക്തമായ നടപടി? ഇങ്ങനെ മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളായിരുന്നു അധിക്ഷേപത്തിന് ഇരയായിരുന്നതെങ്കില്‍ യുഡിഎഫ് മിണ്ടാതിരിക്കുമോ? മുസ്ലിം ലീഗിനെ പേടിച്ചിട്ടാണോ കോണ്‍ഗ്രസ് മിണ്ടാത്തത്? അതോ മറ്റ് മുസ്ലിം മതമൗലികവാദികളെയാണോ കോണ്‍ഗ്രസിന് പേടി? കോണ്‍ഗ്രസും സിപിഎമ്മും ഒത്തുതീര്‍പ്പുണ്ടാക്കിയാലും ബി.ജെ.പി ഷംസീറിനെതിരായ പ്രതിഷേധത്തില്‍ നിന്നും ഒരിഞ്ച് പിന്നോട്ട് പോവില്ല. ഷംസീര്‍ മാപ്പ് പറയുന്നത് വരെ ശക്തമായ പ്രതിഷേധം തുടരും. നാളെ യുവമോര്‍ച്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. 10 ന് ബി.ജെ.പി നിയമസഭയിലേക്ക് നാമജപ ഘോഷയാത്ര നടത്തും. എല്ലാ ജില്ലകളിലും സിപിഎമ്മിന്റെ ഹിന്ദു അവഹേളനത്തിനെതിരെ പ്രതിഷേധമുണ്ടാകും’, കെ.സുരേന്ദ്രന്‍ പറഞ്ഞു.
‘പൊലീസ് സംവിധാനത്തിന്റെ പരാജയമാണ് കേരളത്തില്‍ ഇത്രയധികം കുറ്റകൃത്യങ്ങളുണ്ടാകാന്‍ കാരണം. ആലുവയില്‍ അഞ്ചുവയസുകാരിയെ കാണാതായിട്ടും പൊലീസിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാനുള്ള ഒരു സംവിധാനവും കേരള പൊലീസിനില്ല. പ്രതിവര്‍ഷം 5,000 കോടിയിലധികം രൂപയുടെ മയക്കുമരുന്നുകളാണ് കേരളത്തിലേക്ക് വരുന്നത്. ഇത് എങ്ങോട്ടാണ് വരുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക പൊലീസ് സ്റ്റേഷനുകള്‍ വേണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക്
കോടതികള്‍ വേണം. യുപി മോഡല്‍ പൊലീസ് സംവിധാനം കേരളത്തിലും നടപ്പാക്കണം. യോഗി ആദിത്യനാഥ് എല്ലാ ഗുണ്ടകളെയും മാഫിയകളെയും അടിച്ചമര്‍ത്തി. കുറ്റകൃത്യങ്ങളില്‍ ഏറ്റവും മുമ്പിലുള്ള സംസ്ഥാനമായിരുന്ന യു.പി ഇന്ന് ക്രൈം റേറ്റില്‍ ഏറ്റവും പിന്നിലാണ്. വിലക്കയറ്റം കാരണം സംസ്ഥാനത്ത് ആളുകളുടെ ജീവിതം പൊറുതിമുട്ടി കഴിഞ്ഞു. ഓണം ഉണ്ണാന്‍ മലയാളിക്ക് കഴിയാത്ത സാഹചര്യമാണുള്ളത്’, കെ.സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണന്‍, ജില്ലാ അദ്ധ്യക്ഷന്‍ കെ.എസ് ഷൈജു എന്നിവര്‍ സംസാരിച്ചു.
Post Your Comments