Latest NewsNewsIndia

വിവാഹത്തിന്റെ പുതുമോടിയിൽ നിൽക്കെ ഒരു സമ്മാനപ്പൊതി അവരെ തേടിയെത്തി, അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ദിവസം

വിവാഹം എന്നത് ഒരു പുരുഷനെയും സ്ത്രീയെയും സംബന്ധിച്ച് ജീവിതത്തിലെ പുതിയൊരു തുടക്കമാണ്. അത്തരമൊരു ആഘോഷത്തിന്റെ തുടക്കത്തിലായിരുന്നു ഒറീസയിലെ പുതുമോടികളായ റീമയും സൗമ്യ ശേഖർ സാഹു എന്ന 23കാരനും. ഒരു വർഷം മുൻപ് ഉറപ്പിച്ച വിവാഹം നടന്നത് 2018 ഫെബ്രുവരിയിലായിരുന്നു. എന്നാൽ, വെറും അഞ്ച് ദിവസമാണ് ഇരുവരും ഒരുമിച്ച് കഴിഞ്ഞത്. വിവാഹത്തിന് ലഭിച്ച സമ്മാനപ്പൊതികളിൽ ഒന്ന് തുറക്കുന്നതിനിടെയായിരുന്നു ആ ദാരുണ സംഭവം.

സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കുടുംബമായിരുന്നു ഇരുവരുടെയും. സൗമ്യയുടെ അച്ഛൻ പ്രൊഫസറായിരുന്നു, അമ്മ ഒരു കോളേജ് പ്രിൻസിപ്പലും. വധുവിന്റെ കുടുംബവും അത്യാവശ്യം സമ്പന്നമായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ അവർക്കൊരു സമ്മാനപ്പൊതി കൊറിയറായി ലഭിച്ചു. അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ആയിരിക്കും അയച്ചതെന്ന് ദമ്പതികൾ കരുതി. സമ്മാനപ്പൊതി എത്തിയത് റായ്പൂരിൽ നിന്നാണ്. അവിടെ ഇരുവരുടെയും പരിചയത്തിൽ ആരും ഉണ്ടായിരുന്നില്ല. ഇത് ഇവരുടെ ആകാംഷ വർദ്ധിപ്പിച്ചു. ഉടൻ തന്നെ ഇരുവരും മുത്തശ്ശിയോടൊപ്പം ഈ സമ്മാനപ്പൊതി അഴിച്ചു നോക്കാൻ തീരുമാനിക്കുകയായിരുന്നു. സൗമ്യയാണ് സമ്മാനപ്പൊതി ആദ്യം തുറന്നത്. ഉടൻ തന്നെ കാതടിപ്പിക്കുന്ന ശബ്ദത്തോടെ അവിടെ ഒരു പൊട്ടിത്തെറി ഉണ്ടായി.

സമ്മാനപ്പൊതിയിൽ ബോംബ് ആയിരുന്നുവെന്ന് തുറന്ന സൗമ്യ അറിഞ്ഞിരുന്നില്ല. സൗമ്യയും മുത്തശ്ശിയും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. റീമ കുറച്ച് ദൂരെ ആയിരുന്നതു കൊണ്ട് പരിക്കുകളോടെ രക്ഷപ്പെട്ടു. വിവരം പോലീസിൽ അറിയിച്ചു. ഉടൻ തന്നെ അന്വേഷണം ഊർജ്ജിതമാക്കി. ഫെബ്രുവരിയിലെ ഞെട്ടിക്കുന്ന കൊലപാതകം ഇന്ത്യയെ നടുക്കി. 100-ലധികം ആളുകളെ ചോദ്യം ചെയ്തു. കൂടുതലും ദമ്പതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ആയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കൂടാതെ 20,000 രൂപ വില വരുന്ന സ്വര്‍ണ നാണയങ്ങളും സമ്മാനപ്പൊതികളിൽ ഉണ്ടായിരുന്നു എന്ന് കണ്ടെത്തി.

കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി. അയച്ച സ്ഥലം മുതൽ പരിശോധന നടത്തിയതിൽ നിന്നും ഈ സമ്മാനപ്പൊതി കുറെ ആളുകളുടെ പക്കൽ നിന്നും കൈമാറി കൈമാറി വന്നതാണെന്ന് മനസ്സിലായി. സൗമ്യയുടെ അമ്മയുടെ കോളേജിൽ പഠിപ്പിക്കുന്ന മറ്റൊരു പ്രൊഫസറാണ് ഈ കുറ്റകൃത്യം നടത്തിയിരിക്കുന്നത് എന്നത് സി.ബി.ഐ കണ്ടെത്തി. അമ്മയോടുള്ള പ്രൊഫഷണൽ വൈരാഗ്യമാണ് മകന്റെ ജീവനെടുക്കാൻ ഇയാളെ പ്രേരിപ്പിച്ചത്. വിദ്യാഭ്യാസ യോഗ്യത കൂടുതൽ ഉള്ള ആളായിരുന്നു കൊലപാതകിയായ പ്രൊഫസർ. എന്നാൽ, ജോലിയിൽ ഉയർന്ന സ്ഥാനക്കയറ്റം ലഭിച്ചത് സൗമ്യയുടെ അമ്മയ്ക്കായിരുന്നു. ഇതായിരുന്നു പകയ്ക്ക് കാരണം. സൗമ്യയുടെ അമ്മയെയും കുടുംബത്തെയും ഒരുപോലെ ഇല്ലായ്മ ചെയ്യാനായിരുന്നു പ്രതിയുടെ പദ്ധതി. വിവാഹത്തിന്റെ അന്ന് സമ്മാനപ്പൊതി വീട്ടിൽ എത്തിക്കാനായിരുന്നു ശ്രമിച്ചതെങ്കിലും സാധിച്ചില്ല. പ്രൊഫസർ ഇപ്പോഴും ജയിലിൽ തന്നെ കഴിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button