ജീവൻ ആസാദ് പദ്ധതിയുമായി (പ്ലാൻ നമ്പർ 868) ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). വ്യക്തിഗത സമ്പാദ്യവും ലൈഫ് ഇൻഷുറൻസും ലക്ഷ്യമിട്ടുള്ള ഒരു പുതിയ പദ്ധതിയാണിത്. എൽഐസി പറയുന്നതനുസരിച്ച്, ഈ പ്ലാൻ സംരക്ഷണത്തിന്റെയും സമ്പാദ്യത്തിന്റെയും ആകർഷകമായ സംയോജനം വാഗ്ദാനം ചെയ്യുന്നു. അതായത്, എൽഐസി ജീവൻ ആസാദ് 868 പ്ലാൻ ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുക മാത്രമല്ല സമ്പാദ്യം എന്ന നിലയിലും ഗുണകരമാകുമെന്ന് ചുരുക്കം.
പോളിസി കാലയളവിൽ ലൈഫ് അഷ്വേർഡ് നിർഭാഗ്യവശാൽ മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്ന ഒരു പരിമിതകാല പേയ്‌മെന്റ് എൻഡോവ്‌മെന്റ് പ്ലാനാണ് എൽഐസി ജീവൻ ആസാദ്. അത്യാവശ്യഘട്ടങ്ങളിൽ പോളിസിയിൽ നിന്ന് വായ്പയെടുക്കാം. പോളിസി കാലാവധിയേക്കാൾ എട്ട് വർഷം കുറച്ച് പ്രീമിയം അടച്ചാൽ മതിയാകും എന്നതാണ് ഒരു പ്രധാന ആകർഷണം. ഉദാഹരണത്തിന് 20 വർഷത്തെ പോളിസി കാലാവധി തിരഞ്ഞെടുക്കുകയാണെങ്കിൽ, പ്രീമിയം 12 വർഷം അടച്ചാൽ മതിയാകും.
എൽഐസി ജീവൻ ആസാദ് പ്ലാനിന് കീഴിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന തുക 2 ലക്ഷം രൂപയും പരമാവധി അടിസ്ഥാന തുക 5 ലക്ഷം രൂപയുമാണ്. 15 മുതൽ 20 വർഷം വരെ പോളിസി എടുക്കാം. പോളിസി എടുക്കുന്നതിനുള്ള ഏറ്റവും ഉയർന്ന പ്രായം 50 വയസ്സാണ്. വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ ഇടവേളകളിൽ പോളിസി അടയ്ക്കാം. പ്രീമിയം അടയ്‌ക്കുന്ന കാലാവധി പോളിസി ടേമിൽ നിന്ന് എട്ട് വർഷം കുറച്ചായിരിക്കും.
പദ്ധതിക്ക് കീഴിൽ ഒരു പോളിസി ഉടമ 12 വർഷത്തേക്ക് എല്ലാ വർഷവും 25,120 രൂപ പ്രീമിയം അടച്ചാൽ മൊത്തം അടച്ച തുക 3,01440 രൂപ ആയിരിക്കും. എന്നാൽ മെച്യൂരിറ്റി കാലാവധിയിൽ ലഭിക്കുന്ന തുക ഏകദേശം അഞ്ച് ലക്ഷം രൂപ ആയിരിക്കും. പദ്ധതി കാലയളവിൽ പോളിസി ഉടമ മരണമടഞ്ഞാൽ ആശ്രിതർക്ക് ഉയർന്ന സം അഷ്വേർഡ് തുക നോമിനിക്ക് ലഭിക്കുകയും ചെയ്യും.
Post Your Comments