കൊച്ചി: എറണാകുളം ലോ കോളേജിൽ വെച്ച് നടി അപർണ ബാലമുരളിയോട് ഒരു വിദ്യാർത്ഥി മോശമായി പെരുമാറിയത് ഏറെ വിവാദമായിരുന്നു. തങ്കം സിനിമയുടെ പ്രൊമോഷനോടനുബന്ധിച്ച് കോളേജിലെത്തിയ അപർണയ്ക്ക് ഒരു വിദ്യാർത്ഥി പൂ കൊടുക്കാൻ സ്റ്റേജിൽ കയറുകയും, അപർണയുടെ കൈയ്യിൽ പിടിച്ച് എഴുന്നേല്പിക്കുകയും, തോളിൽ കൈയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. അപർണ അപ്പോൾ തന്നെ തന്റെ എതിർപ്പ് പ്രകടമാക്കിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് നടി സജിത മഠത്തിൽ.
അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയിൽ നിന്നും തനിക്ക് സമാനമായ അനുഭവം ഉണ്ടായെന്നും, പെട്ടെന്ന് ആയതിനാൽ ഞെട്ടിയിപ്പോയെന്നും സജിത മഠത്തിൽ പറയുന്നു. തോളിൽ കൈയ്യിടാനോ ചേർത്തുപിടിക്കാനോ മാത്രമുള്ള അടുപ്പമൊന്നും ആ ബുദ്ധിജീവിയുമായി തനിക്ക് ഇല്ലായിരുന്നുവെന്നും, ആ സാഹചര്യത്തിൽ തനിക്ക് പ്രതികരിക്കാൻ സാധിച്ചില്ലെന്നും സജിത പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
സജിത മഠത്തിൽ പറയുന്നതിങ്ങനെ:
ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയിൽ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയിൽ ഒരു ഫോട്ടോ എടുത്താലോ എന്നു അയാൾ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാൻ പോലും സമയമില്ല. തോളിൽ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങൾ തമ്മിലില്ല. പിന്നെ അന്നു മുഴുവൻ ആ അസ്വസ്ഥത എന്നെ പിന്തുടർന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീർത്തു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലുള്ള ശരികേട് നമ്മൾ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക? അപർണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോൾ ഓർത്തത്!
Post Your Comments