Latest NewsKeralaNews

കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞു; പിന്നാലെ യുവാവ് തൂങ്ങി മരിച്ചു 

തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെന്ന് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി. ഇല്ലാത്ത കേസ് പൊലീസ് തന്‍റെ മേൽ കെട്ടിവച്ചെന്നും ഇത് മൂലം തന്‍റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും ഇതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞത്. ഇതിന് പിന്നാലെ ഇയാൾ വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. വെങ്ങാനൂർ പ്രസ് റോഡിൽ താമസിക്കുന്ന ചിക്കു എന്ന് വിളിക്കുന്ന അമൽജിത്ത് (28) ആണ് ആത്മഹത്യ ചെയ്തത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് അറിയിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളിൽ പൊലീസ് തന്നെ മാത്രം പ്രതിയാക്കിയെന്നായിരുന്നു ഇയാളുടെ ആരോപണം. ചെയ്യാത്ത കുറ്റത്തിന് താൻ 49 ദിവസം ജയിൽ വാസം അനുഭവിച്ചെന്നും പൊലീസ് കാരണം 17 ദിവസം മാനസികാരോഗ്യ ആശുപത്രിയില്‍ കഴിഞ്ഞെന്നും യുവാവ് പറയുന്നു. താൻ മരിച്ചാലും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്നും യുവാവ് പറഞ്ഞു.

കൺട്രോൾ റൂമിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തന്‍റെ ജീവിതം നശിപ്പിച്ച ശേഷം തനിക്ക് എതിരെ കള്ളക്കേസ് എടുത്ത സർക്കിൾ ഇൻസ്പെക്ടറും പരാതികാരനും സുഖമായി ജീവിക്കുന്നുവെന്നും യുവാവ് ആരോപിച്ചു.

അമൽജിത്ത് ഫോണ്‍ വിളിച്ചതിന് പിന്നാലെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് സന്ദേശം വിഴിഞ്ഞം പൊലീസിന് കൈമാറിയെങ്കിലും ഇയാളുടെ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസ് സംഘം വെങ്ങാനൂർ മേഖലയിലെത്തി യുവാവിനെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ തന്നെ ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പൊലീസുമായി സംസാരിച്ച 8 മിനിറ്റ് വരുന്ന ഫോൺ റെക്കോർഡിംഗ് ഇയാള്‍ സുഹൃത്തുക്കൾക്ക് അയച്ച് നൽകി. തനിക്ക് പരാതികളുമായി മുന്നോട്ട് പോകാൻ സാമ്പത്തിക ശേഷി ഇല്ലെന്നും താൻ മരിച്ച് കഴിഞ്ഞാൽ തന്‍റെ മൂന്ന് മക്കളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും അവരുടെ വിദ്യാഭ്യാസം, ഭക്ഷണം എന്നിവ സർക്കാർ നോക്കണമെന്നും അറിയിച്ചാണ് യുവാവ് ഫോൺ കട്ട് ചെയ്തത്. വിഴിഞ്ഞം പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button