KeralaLatest NewsNews

ഹജ്ജ് യാത്രയുടെ പേരിൽ നിരവധി പേരിൽ നിന്നായി കോടികൾ വാങ്ങി മുങ്ങിയ പ്രതി ഒരു വർഷത്തിന് ശേഷം പിടിയില്‍

മലപ്പുറം: ഹജ്ജ് യാത്രയുടെ പേരിൽ നിരവധി പേരിൽ നിന്നായി കോടികൾ വാങ്ങി മുങ്ങിയ പ്രതി പിടിയില്‍. ഒരു വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലായത്. പോരൂർ പാലക്കോട് ചാത്തങ്ങോട്ട് പുറം ചേന്നൻ കുളത്തിങ്ങൽ അനീസ് (35) ആണ് കഴിഞ്ഞ ദിവസം കൊണ്ടോട്ടി പോലീസിന്‍റെ പിടിയിലായത്.

ബംഗളൂരുവില്‍ രാഹുൽ എന്ന വ്യാജപ്പേരില്‍ ഒളിവിൽ കഴിയുകയായിരുന്നു ഇയാള്‍. ഒളിവില്‍ കഴിയുമ്പോൾ ഇയാൾ അവിടെ നിന്നും വിവാഹവും കഴിച്ചിരുന്നെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വർഷം ഹജ്ജ് കർമ്മം നിർവഹിക്കാമെന്ന് പറഞ്ഞ് 50 പേരിൽ നിന്നായി രണ്ടര കോടിയോളം രൂപയാണ് അനീസ് തട്ടിയെടുത്തത്. കൊണ്ടോട്ടി എസിപി വിജയ് ഭാരത് റെഡ്ഡി, എസ്ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡാൻസഫ് ടീമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

ലക്ഷദ്വീപിൽ നിന്നുള്ളവർ ഉൾപ്പടെ ഇയാളുടെ ചതിയിൽ വീണിട്ടുണ്ടെന്നാണ് വിവരം. 4.85 ലക്ഷം രൂപയാണ് ഇയാൾ ഹജ്ജ് യാത്രക്കായി ഒരാളില്‍ നിന്നും ഈടാക്കിയിരുന്നത്. പാസ് പോർട്ടിന്‍റെ കോപ്പി അയച്ച് കൊടുക്കാനും പണം കനറാ ബാങ്കിൽ നിക്ഷേപിക്കാനുമാണ് ഇയാൾ അറിയിച്ചിരുന്നത്.

പണം നഷ്ടപ്പെട്ട രണ്ട് പേരുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. 2019 -ൽ മലപ്പുറം, കാൻസർഗോഡ്  ജില്ലകളില്‍ നിന്നായും ഇയാൾ നിരവധി പേരെ ഹജ്ജിന് പണം വാങ്ങി കബളിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നേഴ്‌സ് ജോലി വാഗ്ദാനം ചെയ്തും നിരവധി പേരിൽ നിന്നും ഇയാൾ പണം തട്ടിയിട്ടുണ്ട്.

നേരേത്തേ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന ഇയാൾ ഇവിടുത്തെ അനുഭവ പരിചയം വെച്ചാണ് ആളുകളെ വലയിലാക്കിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിൽ സിം കാർഡുകൾ സ്വന്തമാക്കിയ അനീസ് പല പേരുകളിലായി വിവിധ സ്ഥലങ്ങളില്‍ ഒളിവിൽ കഴിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button