
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ വിജയിയെ കണ്ടെത്തി. എന്നാൽ ഭാഗ്യശാലിയുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തില്ല. 16 കോടിയുടെ ഒന്നാം സമ്മാനാത്തിനർഹമായ ടിക്കറ്റ് ഹാജരാക്കിയ ആൾ പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർഥിച്ചതിനെ തുടർന്നാണിത്. ഇതനുസരിച്ച് വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുമെന്ന് വകുപ്പ് അറിയിച്ചു. വിവരാവകാശ അപേക്ഷ നൽകിയാലും വിവരങ്ങൾ ലഭിക്കില്ല.
പാലക്കാട് വിറ്റ എക്‌സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ശ്രീമൂകാംബിക ലോട്ടറി ഏജൻസി ഉടമ മധുസൂദനനാണ് ലോട്ടറി വിൽപ്പന നടത്തിയത്. തമിഴ്നാട്ടിൽനിന്നടക്കമുള്ള യാത്രക്കാർ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിലെത്തും. അതിനാൽ ആരാണ് കടയിൽനിന്ന് ടിക്കറ്റെടുത്തതെന്ന് അറിയില്ലെന്നും ആരും അവകാശവാദവുമായി എത്തിയിട്ടില്ലെന്നും മധുസൂദനൻ നേരത്തെ പറഞ്ഞിരുന്നു.
ക്രിസ്മസ് ന്യൂഇയർ ബമ്പറിനായി 33 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 32,43,908 ടിക്കറ്റുകളാണ് വിറ്റുപോയത്. 400 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായി 16 കോടിയും രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്കും ലഭിക്കും. അതേസമയം ഓണം ബമ്പർ അടിച്ച യുവാവിന് വളരെയേറെ പ്രതിസന്ധികൾ നേരിട്ടിരുന്നു. ഒടുവിൽ വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥ വരെ യുവാവിന് ഉണ്ടായി.
Post Your Comments